Cricket
സന്തോഷ് ട്രോഫിയിൽ കേരളവും ബംഗാളും: കണക്കുകൾക്ക് ഇടമില്ലാത്ത കലാശപ്പോര്, പോരാട്ടം കനക്കും
Cricket

സന്തോഷ് ട്രോഫിയിൽ കേരളവും ബംഗാളും: കണക്കുകൾക്ക് ഇടമില്ലാത്ത കലാശപ്പോര്, പോരാട്ടം കനക്കും

Web Desk
|
1 May 2022 3:28 AM GMT

സ്വന്തം മണ്ണിൽ ഏഴാം കിരീടം കൊതിക്കുന്ന കേരളവും മുപ്പത്തി മൂന്നാം തവണയും കിരീടത്തിൽ മുത്തമിടാൻ തയ്യാറെടുക്കുന്ന ബംഗാളും. കണക്കുകൾക്ക് ഇടമില്ലാത്ത കലാശ പോരിൽ ഫലം അപ്രവചനീയം.

മഞ്ചേരി: സന്തോഷ്ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളം നാളെ ബംഗാളിനെ നേരിടും. രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആണ് മത്സരം. സ്വന്തം മണ്ണിൽ ഏഴാം കിരീടം കൊതിക്കുന്ന കേരളവും മുപ്പത്തി മൂന്നാം തവണയും കിരീടത്തിൽ മുത്തമിടാൻ തയ്യാറെടുക്കുന്ന ബംഗാളും. കണക്കുകൾക്ക് ഇടമില്ലാത്ത കലാശ പോരിൽ ഫലം അപ്രവചനീയം.

ജസിന്റെ മായാജാലത്തിൽ കർണാടകയെ തകർത്താണ് കേരളം ഫൈനലിൽ എത്തിയത്. മണിപ്പൂരിന് മണി കെട്ടിയാണ് ബംഗാളിന്റെ വരവ്. ഗോൾ അടിച്ചു കൂട്ടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആണ് കേരളം. ടൂർണമെന്റ്ലെ തന്നെ മികച്ച മധ്യനിരയാണ് കേരളത്തിന്റേത്. എന്നാൽ സെമിയിൽ മൂന്ന് ഗോളുകൾ വഴങ്ങിയത് തിരിച്ചടിയാണ്. വ്യത്യസ്ത താരങ്ങൾ ഗോൾ നേടുന്നതാണ് ബംഗാളിന്റെ കരുത്ത്. കായികക്ഷമതയിലും കേരളത്തിന് ഒത്ത എതിരാളികളാണ് ബംഗാൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ജസിന്റെയും നൗഫലിന്റെയും ഗോളിൽ കേരളം ജയിച്ചിരുന്നു.

എന്നാൽ 85 മിനിറ്റ് വരെ ഗോൾ വഴങ്ങാതെ ഇരുന്നത് ബംഗാളിലും പ്രതീക്ഷ നൽകുന്നു. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്. 1989,1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിന് ആയിരുന്നു വിജയം. 2018 ലെ സന്തോഷ് ട്രോഫി ഫൈനലില്‍ സ്വന്തം മൈതാനത്ത് വെച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്.

ആദ്യ മത്സരത്തില്‍ ആതിഥേയാരോട് രണ്ട് ഗോളിന് തോറ്റെങ്കിലും പിന്നീടുള്ള മത്സരങ്ങളിലൂടെ പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിരിച്ചു വന്ന ബംഗാള്‍ കേരളത്തിന് ഫൈനലില്‍ ശക്തമായ എതിരാളികളാവും. സന്തോഷ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ബംഗാളും ടൂര്‍ണമെന്റില്‍ മികച്ച ആരാധക പിന്തുണയോടെ മുന്നേറുന്ന കേരളവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കനക്കും. തീ പാറിക്കാന്‍ ഗ്യാലറിയും തിങ്ങിനിറയുമെന്നുറപ്പാണ്.

Summary- Santosh Trophy final Between bengal and kerala

Similar Posts