Cricket
Musheer Khan with century in Duleep Trophy; Brother Sarfaraz celebrates in the dugout
Cricket

ദുലീപ് ട്രോഫിയിൽ സെഞ്ച്വറിയുമായി മുഷീർ ഖാൻ; ഡഗൗട്ടിൽ മതിമറന്നാഘോഷിച്ച് സഹോദരൻ സർഫറാസ്

Sports Desk
|
5 Sep 2024 1:32 PM GMT

94-7 എന്ന നിലയിൽ നിന്നാണ് മുഷീറും സൈനിയും ചേർന്നുള്ള കൂട്ടുകെട്ട് സ്‌കോർ 200 കടത്തിയത്.

ബെംഗളൂരു: ദുലീപ് ട്രോഫി ടൂർണമെന്റിൽ അരങ്ങേറ്റ മത്സരം കളിച്ച മുഷീർ ഖാന് സെഞ്ച്വറി. ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ ബി 202-7 എന്ന നിലയിൽ. വൺഡൗണായി ക്രീസിലെത്തിയ മുഷീർ 105 റൺസുമായി പുറത്താകാതെ നിന്നു. 10 ഫോറും രണ്ട് സിക്‌സറും സഹിതമാണ് താരം മൂന്നക്കം തൊട്ടത്. ഇതുവരെ ഏഴ് ഫസ്റ്റ്ക്ലാസ് മത്സരം മാത്രം കളിച്ച യുവതാരം ഇതുവരെ ഒരു ഡബിൾ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും നേടിയിരുന്നു. മുഷീറിന്റെ സെഞ്ച്വറി നേട്ടം ഡഗൗട്ടിലിരുന്ന് സർഫറാസ് ഖാൻ മതിമറന്നാണ് ആഘോഷിച്ചത്. ഇരുവരും ഇന്ത്യ ബിക്ക് വേണ്ടിയാണ് കളിക്കുന്നത്.

അതേസമയം, ബാറ്റിങിൽ സർഫറാസ് ഖാൻ പരാജയപ്പെട്ടു. 9 റൺസെടുത്ത് പുറത്തായി. മറ്റു ഇന്ത്യൻ താരങ്ങളായ യശസ്വി ജയ്സ്വാൾ (30), റിഷഭ് പന്ത് (7) എന്നിവരും നിരാശപ്പെടുത്തി. ഒന്നാംദിനം കളിനിർത്തുമ്പോൾ മുഷീറിനൊപ്പം നവ്ദീപ് സയ്നിയാണ് (29) ക്രീസിൽ. 94-7 എന്ന നിലയിൽ നിന്നാണ് മുഷീറും സൈനിയും ചേർന്നുള്ള കൂട്ടുകെട്ട് സ്‌കോർ 200 കടത്തിയത്.


ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ബിക്ക് മോശം തുടക്കമായിരുന്നു. ജയ്സ്വാളിനൊപ്പം ഓപ്പണാറായെത്തിയ ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരനും (13) തിളങ്ങാൻ സാധിച്ചില്ല. സ്‌കോർബോർഡിൽ 53 റൺസുള്ളപ്പോൾ ഇരുവരും മടങ്ങി. തുടർന്ന് മുൻനിര വിക്കറ്റുകൾ വീഴുമ്പോഴും മുഷീറിന്റെ ചെറുത്തുനിൽപ്പാണ് ടീമിന്റെ രക്ഷക്കെത്തിയത്.

അതേസമയം, ഇന്ത്യ സിക്കെതിരെ ഇന്ത്യ ഡി 164ന് പുറത്തായി. 86 റൺസെടുത്ത അക്സർ പട്ടേൽ മാത്രമാണ് പിടിച്ചുനിന്നത്. ശ്രേയസ് അയ്യർ (9), ശ്രീകർ ഭരത് (13), ദേവ്ദത്ത് പടിക്കൽ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. വിജയകുമാർ വൈശാഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷാൻ കിഷനു പകരക്കാരനായി ഇന്ത്യ ഡി സ്‌ക്വാർഡിൽ ഇടംപിടിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസണ് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചില്ല.

Similar Posts