Cricket
ബ്രാഡ്മാനേയും മറികടന്ന് സർഫറാസ്; അഭിനന്ദന പ്രവാഹം,  സെലക്ടർമാർ ഇതൊന്നും കാണുന്നില്ലേയെന്ന് ആരാധകർ
Cricket

ബ്രാഡ്മാനേയും മറികടന്ന് സർഫറാസ്; അഭിനന്ദന പ്രവാഹം, സെലക്ടർമാർ ഇതൊന്നും കാണുന്നില്ലേയെന്ന് ആരാധകർ

Web Desk
|
4 Oct 2022 11:41 AM GMT

സര്‍ഫറാസിന്‍റെ ഇന്നിംഗ്സ് കണ്ട് നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് സൂര്യകുമാര്‍ യാദവ് ട്വീറ്റ് ചെയ്തത്

ഈ വർഷം രഞ്ജി ട്രോഫിയിൽ തുടങ്ങിയ വെടിക്കെട്ട് പ്രകടനം തുടരുകയാണ് ഇന്ത്യന്‍ യുവതാരം സർഫറാസ് ഖാൻ. മിന്നും പ്രകടനത്തോടെ സീനിയർ ടീമിലേക്കുള്ള സാധ്യതകൾ സജീവമാക്കുകയാണ് താരം. അറു സെഞ്ചുറികളും 2 അർധ സെഞ്ചുറികളുമായി ആഭ്യന്തര ക്രിക്കറ്റിൽ റെക്കോർഡ് പ്രകടനമാണ് സർഫറാസ് പുറത്തെടുക്കുന്നത്.122 റൺസിന്‍റെ ആവറേജിൽ 4 സെഞ്ചുറികളുടെ അകമ്പടിയോടെ 982 റൺസാണ് സർഫറാസ് രഞ്ജി ട്രോഫിയിൽ നേടിയത്.ടൂർണമെന്‍റിലെ ടോപ്പ് സ്കോറർ സ്ഥാനവും മുബൈ താരത്തെ തേടിയെത്തി.

ദുലിപ് ട്രോഫിയിലും സർഫറാസ് പ്രകടനം ആവർത്തിച്ചു. വെസ്റ്റ് സോണിന് വേണ്ടി രണ്ട് സെഞ്ചുറികളാണ് താരം നേടിയത്. ദുലിപ് ട്രോഫി ടോപ്പ് സ്കോറർ പട്ടവും താരം സ്വന്തം പേരിലാക്കി. ഇറാനി ട്രോഫിയിലും സര്‍ഫറാസ് കളി മികവ് തുടർന്നു.138 റൺസാണ് ഇറാനി ട്രോഫിയിൽ താരം നേടിയത്. സൗരാഷ്ട്രയ്ക്കെതിരെ നേടിയ സെഞ്ചുറിയോടെ ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന്റെ റെക്കോർഡും സർഫറാസ് മറിക്കടന്നു. 22 ഇന്നിംഗ്‌സിൽ നിന്ന് ബ്രാഡ്മാൻ 2927 റൺസ് നേടിയപ്പോൾ കഴിഞ്ഞ ദിവസത്തെ ഇന്നിംഗ്‌സോടെ സർഫറാസ് തന്‍റെ റൺ നേട്ടം 2928 ആക്കി ഉയർത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച ശരാശരിയുള്ള രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോഡും സര്‍ഫറാസിന്‍റെ പേരിലാണ്. 95.14 ആണ് ബ്രാഡ്മാന്റെ ശരാശരി. രണ്ടാം സ്ഥാനത്തുള്ള സര്‍ഫറാസിന്‍റെ ശരാശരി 81.49 ഉും മൂന്നാം സ്ഥാനത്തുള്ള വിജയ് മര്‍ച്ചന്‍റിന്‍റെ ശരാശരി 71.64 മാണ്.

ഇതിനോടകം ടെസ്റ്റ് ടീമിലേക്കുള്ള മാനദണ്ഡങ്ങളുടെ പട്ടിക 24 വയസ്സുകാരനു മുന്നിൽ വീണു കഴിഞ്ഞു.. ഞായറാഴ്ച സൗരാഷ്ട്രക്കെതിരെ 178 പന്തില്‍ 20 ഫോറുകളുടേയു 2 സിക്സുകളുടേയും അകമ്പടിയില്‍ 138 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്. ബ്രാഡ്മാന്‍റെ റെക്കോര്‍ഡ് മറികടന്നതോടെ ഇന്ത്യന്‍ സീനിയര്‍ ടീമംഗങ്ങളടക്കം നിരവധി പേരാണ് താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരിക്കുന്ന സൂര്യകുമാര്‍ യാദവ് സര്‍ഫറാസിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത് നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു എന്നാണ്.

തകര്‍പ്പന്‍‌ ഫോമില്‍ കളിക്കുന്ന സര്‍ഫറാസിനെ സെലക്ടര്‍മാര്‍ കാണുന്നില്ലേയെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദ്യമുയര്‍ത്തുന്നുമുണ്ട്.

Similar Posts