അമിത് ഷാ വന്നിട്ടും വഴങ്ങിയില്ല; ബിസിസിഐയിൽ നിന്ന് ഗാംഗുലി പുറത്തായതിങ്ങനെ
|ഐപിഎൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഗാംഗുലി അതു നിരസിച്ചു
ന്യൂഡൽഹി: ബിസിസിഐ തലപ്പത്തു നിന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി പുറത്തുപോകുന്നത് ക്രിക്കറ്റിനപ്പുറത്തുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്. പശ്ചിമബംഗാളിൽ ബിജെപിയോട് രാഷ്ട്രീയച്ചായ്‌വു കാണിക്കാത്തതിന്റെ പേരിലാണ് ഗാംഗുലിയെ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് നീക്കുന്നതെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്തു. മുൻ ഇന്ത്യൻ നായകന് പകരം റോജർ ബിന്നിയാണ് ബിസിസിഐ പ്രസിഡണ്ടാകുന്നത്. ഒക്ടോബർ 18ന് മുംബൈയിൽ ചേരുന്ന വാർഷിക ജനറൽ ബോഡിയിൽ ബിന്നി സ്ഥാനമേൽക്കും. 1983 ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ടീമിലെ ഹീറോയാണ് ബിന്നി.
2021ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ബിജെപി ഗാംഗുലിയെ സമീപിച്ചിരുന്നു. താരത്തെ പാർട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു നീക്കങ്ങൾ. എന്നാൽ ഗാംഗുലി വിസമ്മതം അറിയിച്ചു. 2019ൽ ഗാംഗുലിയെ ബിസിസിഐ തലപ്പത്ത് എത്തിച്ചത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണ് എന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ നിന്നേറ്റ കനത്ത തോൽവിക്ക് ശേഷം, ഈ വർഷം മേയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാംഗുലിയുടെ കൊൽക്കത്തയിലെ വീട്ടിലെത്തി അത്താഴം കഴിച്ചിരുന്നു. രാഷ്ട്രീയത്തിലിറങ്ങാൻ താരത്തെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി, അവസാന ഘട്ട ശ്രമമെന്ന നിലയിലായിരുന്നു ഷായുടെ കൂടിക്കാഴ്ച. അപ്പോഴും താരം തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു.
വിഷയത്തില്‍ ബിജെപിക്കെതിരെ കടുത്ത ആരോപണമാണ് തൃണമൂൽ ഉന്നയിച്ചത്. അമിത് ഷായുടെ മകൻ ജെയ് ഷാക്ക് ബിസിസിഐയിൽ രണ്ടാമൂഴം കിട്ടുമ്പോൾ എന്തുകൊണ്ടാണ് ഗാംഗുലിക്ക് അതില്ലാത്തതെന്ന് പാർട്ടി രാജ്യസഭാ എംപി ശന്തനു സെൻ ചോദിച്ചു. ദാദയെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് കുറ്റപ്പെടുത്തി.
രണ്ടാമൂഴത്തിൽ ഗാംഗുലിക്ക് താത്പര്യമുണ്ടായിരുന്നെങ്കിലും ബോർഡിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ല. ഐപിഎൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും താരം അതു നിരസിക്കുകയായിരുന്നു. അതേസമയം, രാജീവ് ശുക്ല വൈസ് പ്രസിഡണ്ടു സ്ഥാനത്തു തുടരും. 2017 മുതൽ 2019 വരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടായിരുന്ന ആശിഷ് ഷെലർ ട്രഷററാകും. അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ദേവ്ജിത് സായികയാകും ജനറൽ സെക്രട്ടറി.
ബ്രിജേഷ് പട്ടേലിന് പകരം അരുൺ ധൂമൽ പുതിയ ഐപിഎൽ ചെയർമാനാകും. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരനാണ് ധൂമൽ.