Cricket
ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടി20: ഇന്ത്യക്ക് 184 റൺസ് വിജയലക്ഷ്യം
Cricket

ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടി20: ഇന്ത്യക്ക് 184 റൺസ് വിജയലക്ഷ്യം

Sports Desk
|
26 Feb 2022 3:18 PM GMT

ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റ് നേടി തൃപ്തിപ്പെടേണ്ടിവന്നു

ശ്രീലങ്കക്കെതിരെ ഇന്ന് നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 184 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരുടെ മികവിലാണ് ശ്രീലങ്ക തരക്കേടില്ലാത്ത ടോട്ടൽ പടുത്തുയർത്തിയത്. പതും നിസ്സൻങ്ക 75 ഉം ധനുഷ്‌ക ഗുണതിലക 38 ഉം റൺസ് നേടി ടീമിന് മികച്ച അടിത്തറ പാകി. പിന്നീട് വന്ന ചരിത അസ്‌ലങ്ക, കാമിൽ മിശ്ര, ദിനേഷ് ചാണ്ഡിമൽ എന്നിവരെല്ലാം ഒറ്റയക്കത്തിൽ പുറത്തായി. 47 റൺസുമായി ദാസുൻ ഷനക പുറത്താകാതെ നിന്നു. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റ് നേടി തൃപ്തിപ്പെടേണ്ടിവന്നു. ഓപ്പണർമാരുടെ വിക്കറ്റ് നേടി വഴിത്തിരിവ് സൃഷ്ടിച്ചത് രവീന്ദ്ര ജഡേജയും ഭുവനേശ്വർ കുമാറുമാണ്.

സഞ്ജു സാംസണടക്കം കഴിഞ്ഞ കളിയിലുണ്ടായിരുന്നവരൊക്കെ ഇന്നത്തെ ഇന്ത്യൻ ടീമിലുണ്ട്. ഇന്ന് ജയിച്ചാൽ ക്യാപ്റ്റൻ രോഹിത് ശർമക്ക് ലോകറെക്കോർഡ് നേടാനാകും. സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ ടി20 വിജയം നേടിയ നായകനെന്ന നേട്ടമാണ് രോഹിതിനെ കാത്തിരിക്കുന്നത്. നിലവിൽ 16 മത്സരങ്ങളിൽനിന്നായി 15 വിജയമാണ് രോഹിതിന് കീഴിൽ ഇന്ത്യ നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഇയാൻ മോർഗനും ന്യൂസിലാൻഡിന്റെ കെയ്ൻ വില്യംസണും ഇത്ര തന്നെ വിജയങ്ങളുമായി രോഹിതിനൊപ്പമുണ്ട്. എന്നാൽ ഇന്ന് ധർമശാലയിൽ വിജയിച്ചാൽ രോഹിതാകും സ്വന്തം നാട്ടിൽ ടീമിനെ ഏറ്റവും കൂടുതൽ വിജയത്തിലേക്ക് നയിച്ച ടി20 ക്യാപ്റ്റൻ. ഇന്ത്യൻ ക്യാപ്റ്റന്മാർക്കിടയിൽ രോഹിതിന് കോഹ്ലിയേക്കാൾ രണ്ടും ധോണിയേക്കാൾ അഞ്ചും വിജയങ്ങൾ സ്വന്തം തട്ടകത്തിൽ സ്വന്തമാക്കാനായിട്ടുണ്ട്. ടി20 ക്യാപ്റ്റനായി കരിയറിലാടെ 24 മത്സരങ്ങളിൽ 22 വിജയങ്ങൾ രോഹിത് നേടിയിട്ടുണ്ട്. ഇന്ന് ശ്രീലങ്കയെ തോൽപ്പിച്ചാൽ തുടർച്ചയായ 11ാം വിജയവും തുടർച്ചയായ മൂന്നാം പരമ്പര വിജയവും 2021 നവംബർ മുതൽ സ്ഥിരം നായകനായ ഹിറ്റ് മാന്റെ കീഴിൽ ഇന്ത്യക്ക് നേടാനാകും.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യ 62 റൺസിന്റെ ജയം കണ്ടെത്തിയിരുന്നു. ഇന്ത്യ ഉയർത്തിയ 199 റൺസിനു മുന്നിൽ ശ്രീലങ്കൻ ബാറ്റർമാർ അടിയറവ് പറഞ്ഞു. ആറ് വിക്കറ്റ് നഷ്ടത്തിൽ ലങ്കയ്‌ക്ക് 136 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ശ്രീലങ്കൻ നിരയിൽ 53 റൺസെടുത്ത അസങ്ക മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ദുഷ്മന്ത ചമീര 24ഉം കരുണരത്‌ന 21 റൺസുമെടുത്തു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ വെങ്കിടേശ് അയ്യർ എന്നിവർ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജയും യുസ്‌വേന്ദ്ര ചഹലും ഓരോ വക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ശ്രീലങ്കൻ ബൗളിംഗ് നിരയെ നിലം തൊടാൻ അനുവദിച്ചിരുന്നില്ല. ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മയും ഇഷാൻ കിഷനും ചേർന്ന് 44 റൺസാണ് നേടിയത്. 32 പന്തിൽ 44 റൺസ് നേടിയ രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ ശ്രേയസ്സ് അയ്യർക്കൊപ്പം ഇഷാൻ കിഷനൊപ്പം തകർത്തടിച്ചു. ഇഷാൻ 56 പന്തിൽ 89 റൺസും ശ്രേയസ്സ് അയ്യർ 28 പന്തിൽ 57 റൺസുമാണ് അടിച്ചു കൂട്ടിയത്.


Second T20 against Sri Lanka: India Need 184 Runs for victory

Similar Posts