ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര: നയിക്കാൻ ശിഖർ ധവാൻ, ഉപനായകനായി സഞ്ജു?
|നിലവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 കളിക്കുന്ന എല്ലാവർക്കും വിശ്രമം അനുവദിച്ചേക്കും
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ പുതിയ ടീമിനെ പരീക്ഷിക്കാൻ ബി.സി.സി.ഐ. നിലവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 കളിക്കുന്ന എല്ലാവർക്കും വിശ്രമം അനുവദിച്ചേക്കും. ശിഖർ ധവനായിരിക്കും ടീമിനെ നയിക്കുക. മലയാളി താരം സഞ്ജു സാംസണാവും ഉപനായകൻ. ഇൻസൈഡ് സ്‌പോർട്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വി.വി.എസ് ലക്ഷ്മണിനായിരിക്കും പരിശീലന ചുമതല.
ടീം പ്രഖ്യാപനം അടുത്ത ദിവസം തന്നെയുണ്ടാകും. ടി20ക്ക് പുറമെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയാണ് കളിക്കാനുള്ളത്. ലക്‌നൗ, റാഞ്ചി, ഡൽഹി എന്നിവിടങ്ങളിലാണ് ഏകദിന പരമ്പര. ഒക്ടോബർ ആറിനാണ് ആദ്യ മത്സരം. ന്യൂസിലാൻഡ് എ ടീമിനെ നയിച്ചത് സഞ്ജു സാംസണാണ്. നായകനായി തിളങ്ങി എന്നതിന് പുറമെ ബാറ്റിങിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചിരുന്നത്. ആ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. റിപ്പോർട്ടുകൾ ശരിയാകുകയാണെങ്കിൽ ഇതാദ്യമാകും സഞ്ജു ഇന്ത്യൻ ടീമിന്റെ നായക പദവയിലേക്ക് എത്തുന്നത്.
കഴിഞ്ഞ സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് എത്തിച്ചതിന്റെ മികവ് സഞ്ജുവിനുണ്ട്. അതിന് ശേഷം മികച്ച ഫോമിലാണ് താരം. ടി20 ലോകകപ്പിന് സഞ്ജുവിനെ പരിഗണിക്കാത്തതിനെതിരെ സമൂഹമാധ്യമഘങ്ങളിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. അതേസമയം വിവിഎസ് ലക്ഷ്മൺ രണ്ടാം തവണയാണ് പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. നേരത്തെ രാഹുൽ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചപ്പോഴും അയർലാൻഡ്, സിംബാബ്‌വെ പരമ്പരയിലും ലക്ഷ്മൺ ടീമിന്റെ പരിശീലകനായിരുന്നു. ഒക്ടോബർ ആറിനാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്.
ആസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാനത്തെ പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ളത്. ആസ്‌ട്രേലിയക്കെതിരായ പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. ആദ്യ മത്സരം തോറ്റങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ കാര്യവട്ടത്ത് നടക്കും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ പ്രതീക്ഷിക്കാവുന്ന ടീം : ശിഖർ ധവാൻ (നായകന്‍), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, പൃഥ്വി ഷാ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), രാഹുൽ ത്രിപാഠി, രജത് പതിദാർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് സെന്‍