ദക്ഷിണാഫ്രിക്കക്കെതിരായ ടി20: ഹർദിക്കിനും ഹൂഡയ്ക്കും വിശ്രമം
|ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി
ദക്ഷിണാഫ്രിക്കെക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റം. ഹർദിക് പണ്ഡ്യക്കും ദീപക് ഹൂഡയ്ക്കും വിശ്രമം. പകരം ശ്രേയസ് അയ്യരേയും ഷഹബാസ് അഹമദിനെയും ഉൾപ്പെടുത്തി.
ഹൂഡയുടെ പരിക്ക് തുടരുന്നതിനാൽ ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യും നഷ്ടപ്പെട്ടിരുന്നു. കോവിഡിൽ നിന്ന് മുക്തമാകാത്തതുകൊണ്ടു തന്നെ മുഹമ്മദ് ഷമിയെയും ടീമിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ആദ്യ ടി20 മറ്റെന്നാൾ കാര്യവട്ടത്തും രണ്ടാം ടി20 ഒക്ടോബർ 2ന് ആസ്സാമിലെ ഡോ.ഭൂപൻ ഹസാരിക ക്രിക്കറ്റ് സ്റ്റേഡിയത്തിലും മൂന്നാം മത്സരം ഇന്ദോറിലെ ഹോൾകർ സ്റ്റേഡിയത്തിലും നടക്കും.
ടീം ഇന്ത്യ: രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ, ശ്രേയസ് അയ്യർ, രവിചന്ദ്ര അശ്വിൻ, ദിനേശ് കാർത്തിക്, ഋഷഭ് പന്ത്, അർഷ്ദീപ് സിങ്, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, യൂസ്വേന്ദ്ര ചാഹൽ, ഷഹബാസ് അഹമദ്.
അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി. ഹൈദരാബാദിൽ നിന്ന് വൈകിട്ട് 4.30 ഓടെയാണ് ഇന്ത്യൻ ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. ഇന്ന് വിശ്രമിച്ചശേഷം നാളെ വൈകിട്ട് അഞ്ച് മണി മുതൽ എട്ട് മണി വരെ കാര്യവട്ടത്ത് ഇന്ത്യ പരിശീലനം നടത്തും. മറ്റന്നാളാണ് ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം.
മൂന്ന് വർഷത്തിന് ശേഷമാണ് കേരളം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്.വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്വീകരിച്ചു. ആരാധകരുടെ വലിയ നിരതന്നെ വിമാനത്താവളത്തിലുണ്ടായിരുന്നു. ടീമംഗങ്ങൾ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോൾ തന്നെ ആരാധകർ ആവേശത്തിലായി. മലയാളി താരം സഞ്ജു സാംസണിനും ആരാധകർ ജയ് വിളിച്ചു.