Cricket
Shaheen Afridi

ഷഹീൻ അഫ്രീദി

Cricket

ശ്രീലങ്കയുടെ നടുവൊടിച്ച് ഷഹീൻ അഫ്രീദി: അതിവേഗം നൂറിലേക്ക്

Web Desk
|
16 July 2023 8:04 AM GMT

ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ 65 റൺസെന്ന നിലയിലാണ്

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഗംഭീര പ്രകടനവുമായി ഷഹീൻ അഫ്രീദി. ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ 65 റൺസെന്ന നിലയിലാണ്. വീണ മൂന്ന് വിക്കറ്റുകളും അഫ്രീദിയുടെ പന്തുകളിൽ നിന്നായിരുന്നു. നിഷാൻ മധുഷ്‌ക, ദിമുത് കരുണരത്‌നെ, കുസാൽ മെൻഡിസ് എന്നിവരാണ് അഫ്രീദിക്ക് മുന്നിൽ ബാറ്റുവെച്ച് കീഴടങ്ങിയത്.

വിക്കറ്റ് നേട്ടത്തോടെ പാകിസ്താനായി 100 വിക്കറ്റുകൾ വീഴ്ത്താൻ അഫ്രീദിക്കായി. 23 വയസിനുള്ളിൽ 100 വിക്കറ്റ് വീഴ്ത്താനായി എന്നത് ഷഹീനെയും പാക് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. പാകിസ്താന്റെ ഇതിഹാസങ്ങളായ വസീം അക്രവും വഖാർ യൂനുസുമാണ് ഇതിന് മുമ്പ് ഈ പ്രായത്തിനുള്ളിൽ 100 വിക്കറ്റുകൾ വീഴ്ത്തിയത്. കഴിഞ്ഞ വർഷമേറ്റ പരിക്കിനെ തുടർന്ന് ഷഹിൻ, ഏറെ നാൾ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ഗാലെയിൽ തന്നെ നടന്ന മത്സരത്തിനിടെയാണ് അഫ്രീദിക്ക് പരിക്കേറ്റത്.

അതേവേദിയിൽ അതേ എതിരാളിയുമായിട്ട് തന്നെ ഷഹീന് മടങ്ങിവരാനും കഴിഞ്ഞു. പരിക്കിന് പിന്നാലെ 2022ൽ നടന്ന ടി20 ലോകകപ്പിൽ അഫ്രീദി ഭാഗമായിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് വിക്കറ്റുകളുമായി പാകിസ്താന്റെ വിക്കറ്റ് വേട്ടക്കാരിൽ മുൻപന്തിയിയിലായിരുന്നു താരം. പിന്നലെ ഏറ്റ മറ്റൊരു പരിക്കും താരത്തെ പിന്നോട്ടടിപ്പിച്ചു. ഏകദിനത്തിൽ 70ഉം ടി20യിൽ 64 വിക്കറ്റുകളുമാണ് ഷഹീൻ അഫ്രീദി ഇതുവരെ വീഴ്ത്തിയിരിക്കുന്നത്. പാകിസ്താന്റെ എല്ലാ ഫോർമാറ്റിലും ഉറപ്പായും അവസരമുള്ള കളിക്കാരനായി ഷഹീൻ അഫ്രീദി മാറിയിട്ട് കുറച്ചായി. ടെസ്റ്റ് മത്സരത്തിലും തകർപ്പൻ ഫോമിൽ അഫ്രീദി തിരിച്ചെത്തിയതോടെ പാകിസ്താന് നിലവിൽ ബൗളിങിൽ ആശങ്കകളൊന്നുമില്ല.

Similar Posts