ബംഗ്ലാദേശ് അനുമതി നൽകിയില്ല; ഷാക്കിബുൽ ഹസൻ ഐ.പി.എല്ലിൽനിന്ന് പിന്മാറി, ലിറ്റൺ ദാസ് മേയ് ഒന്നുവരെ കളിക്കും
|ബംഗ്ലാദേശ് ത്രിമത്സര ഏകദിന പരമ്പര കളിക്കുന്നതിനാലാണ് താരങ്ങൾ ഐ.പി.എല്ലിൽ കളിക്കുന്നതിൽ അനിശ്ചിതത്വമുണ്ടായത്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓൾറൗണ്ടർ ഷാക്കിബുൽ ഹസൻ ഐ.പി.എല്ലിൽ നിന്ന് പിന്മാറി. സീസണിലുടനീളം ടീമിനായി കളിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സമ്മതം നൽകാത്തതിനെ തുടർന്നാണ് പിന്മാറ്റം. അതേസമയം, കൊൽക്കത്തയുടെ മറ്റൊരു ബംഗ്ലാദേശി താരമായ ലിറ്റൺ ദാസ് മേയ് ഒന്നുവരെയെങ്കിലും കളിക്കും. മേയിൽ അയർലൻറുമായി ബംഗ്ലാദേശ് ത്രിമത്സര ഏകദിന പരമ്പര കളിക്കുന്നതിനാലാണ് താരങ്ങൾ ഐ.പി.എല്ലിൽ കളിക്കുന്നതിൽ അനിശ്ചിതത്വമുണ്ടായത്.
പലർക്കും പരിക്കുള്ള കൊൽക്കത്തൻ ടീം രണ്ട് ബംഗ്ലാദേശി താരങ്ങളുടെയും സേവനം ഐ.പി.എല്ലിൽ ഉടനീളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ബി.സി.ബി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അവർ അക്കാര്യം ചെയ്യാതിരുന്നതോടെ ഷാക്കിബിനോട് പൂർണമായി പിൻവാങ്ങാൻ കൊൽക്കത്ത മാനേജ്മെൻറ് നിർദേശിക്കുകയായിരുന്നു. 1.5 കോടി രൂപയുടെ ഫണ്ട് ഉപയോഗപ്പെടുത്താൻ മറ്റു വഴികൾ തേടാനായിരുന്നു ഈ നീക്കം. കൊൽക്കത്തയുമായി നല്ല ബന്ധമുള്ള ഷാക്കിബ് ഈ ആവശ്യം അംഗീകരിക്കുകയും ഐ.പി.എല്ലിൽനിന്ന് പിന്മാറുകയുമായിരുന്നു. ഏകദിന ലോകകപ്പ് ഈ വർഷം നടക്കാനിരിക്കെ ബി.സി.ബിയുടെ നിലപാട് കൊൽക്കത്തയും മനസ്സിലാക്കുകയായിരുന്നു. ഇതോടെ ഷാക്കിബിന് പകരം, ദേശീയ ടീമുകളുമായി ബാധ്യതയില്ലാത്ത താരങ്ങളെ കണ്ടെത്താനാണ് ടീമിന്റെ ശ്രമം.
പഞ്ചാബ് കിംഗ്സിനെതിരെ നടന്ന കൊൽക്കത്തയുടെ ആദ്യ മത്സരത്തിന് മുമ്പേ ഷാക്കിബ് ടീമിനൊപ്പം ചേരുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ അയർലൻറിനെതിരെയുള്ള ഏക ടെസ്റ്റ് ടീമിൽ 36കാരനെ ഉൾപ്പെടുത്തിയതോടെ ഇത് മുടങ്ങുകയായിരുന്നു. അതേസമയം, നിലവിൽ ഈ ടെസ്റ്റിൽ കളിക്കുന്ന ലിറ്റൺ ദാസ് ഏപ്രിൽ എട്ടിന് ടെസ്റ്റ് കഴിയുന്നതോടെ ധാക്കയിൽനിന്ന് ഇന്ത്യയിലേക്ക് പറക്കും. എന്നാൽ ഏപ്രിൽ 29ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിന് ശേഷം ലിറ്റൺ ടീം വിട്ടേക്കും. ചെംസ്ഫോർഡിൽ മേയ് ഒമ്പതിന് നടക്കുന്ന ഏകദിനത്തിന് മുമ്പ് ബംഗ്ലാ ടീം പരിശീലനം മത്സരം കളിക്കാനിടയുള്ളത് കൊണ്ടാണിത്.
2023 ഐ.പി.എല്ലിലെ കൊൽക്കത്തൻ ടീം:
നിതീഷ് റാണ(ക്യാപ്റ്റൻ), റഹ്മാനുല്ലാഹ് ഗുർബാസ്, വെങ്കിടേഷ് അയ്യർ, ആൻഡ്രേ റസ്സൽ, സുനിൽ നരൈൻ, ഷർദ്ദുൽ താക്കൂർ, ഉമേഷ് യാദവ്, ടിം സൗത്തി, ഹർഷിത് റാണ, വരുൺ ചക്രവർത്തി, അനുകുൽ റോയ്, റിങ്കു സിംഗ്, നാരായൺ ജഗദീഷൻ, വൈഭവ് അറോറ, സുയാഷ് ശർമ, ഡേവിഡ് വിയെസ്, കുൽവന്ദ് ഖജ്റോലിയ, ലിറ്റൺ ദാസ്, മൻദീപ് സിംഗ്, ലോക്കിഫെർഗ്യൂസൻ(പരിക്ക്), ശ്രേയസ് അയ്യർ(പരിക്ക്).
Kolkata Knight Riders all-rounder Shakibul Hasan withdraws from IPL