ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ താത്പര്യമറിയിച്ച് ഷെയിൻ വോൺ
|യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ വോണ്‍ ശക്തമായി അപലപിച്ചു
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനാവാൻ താത്പര്യമറിയിച്ച് ആസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ. ആസ്‌ട്രേലിയക്കെതിരെ ആഷസ് പരമ്പര അടിയറവ് വച്ചതിന് ശേഷം ഇംഗ്ലണ്ട് പരിശീലകൻ ക്രിസ് സിൽവർഹുഡിന്‍റെ തൊപ്പി തെറിച്ചിരുന്നു. ഇതിനെത്തുടർന്ന് മുൻ ഇംഗ്ലണ്ട് താരം പോൾ കോളിംഗ് വുഡിനെ ടീമിന്റെ ഇടക്കാലപരിശീലകനായി നിയമിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പുതിയ പരിശീലകനെ അന്വേഷിച്ചു കൊണ്ടിരിക്കെയാണ് ടീമിന്റെ പരിശീലകനാവാൻ ഷെയിൻ വോൺ സന്നദ്ധത പ്രകടിപ്പിച്ചത്.
"ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ എനിക്ക് താൽപര്യമുണ്ട്. ഒരുപിടി മികച്ച താരങ്ങളുണ്ട് ഇംഗ്ലണ്ട് ടീമിൽ. അതിനാൽ തന്നെ പരിശീലകവേഷത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് പ്രതീക്ഷയുണ്ട്"-ഷെയിന്‍ വോണ്‍ പറഞ്ഞു.
ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ജസ്റ്റിൻ ലാംഗറെ ഒഴിവാക്കിയ തീരുമാനത്തിൽ ഷെയിൻ വോൺ അതൃപ്തി പ്രകടിപ്പിച്ചു. രണ്ട് ആഷസ് പരമ്പരകളും ടി-20 കിരീടവുമടക്കം വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയ ഒരാളെ എങ്ങനെയാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ രാജിവക്കാൻ അനുവദിച്ചത് എന്ന് ഷെയിൻ വോൺ ചോദിച്ചു.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ ശക്തമായി അപലപിച്ച വോൺ ലോകം മുഴുവൻ യുക്രൈനിലെ ജനങ്ങൾക്കൊപ്പമാണ് എന്നറിയിച്ചു. യുക്രൈനിലെ ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണെന്നും യുദ്ധം പെട്ടെന്നവസാനിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.
The entire world is with the people of Ukraine as they suffer an unprovoked and unjustified attack by Russian military forces. The pictures are horrific and I can't believe more is not being done to stop this. Sending lots of love to my Ukrainian mate @jksheva7 and his family ❤️
— Shane Warne (@ShaneWarne) February 26, 2022