Cricket
നന്ദി വോൺ, ഞങ്ങളുടെ തലമുറയെ അവിശ്വസനീയതകളിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ചതിന്
Cricket

നന്ദി വോൺ, ഞങ്ങളുടെ തലമുറയെ അവിശ്വസനീയതകളിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ചതിന്

Web Desk
|
4 March 2022 3:20 PM GMT

ക്രിക്കറ്റ് മൈതാനത്ത് ഇറങ്ങി രണ്ടാം വർഷം വോൺ ലോകത്തോട് തന്റെ വരവറിയിച്ചു

1992 ൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അതിന്റെ പ്രതാപകാലത്തേക്ക് പതിയെ നടന്നു കയറുന്ന കാലം. 22 വയസുള്ള ചെറുപ്പക്കാരൻ ചുണ്ടിൽ പുഞ്ചിരിയും കൈകളിൽ മാന്ത്രികതയും ഒളിപ്പിച്ചുവച്ച് കടന്നുചെന്നു. പിന്നീട് 2007 വരെയുള്ള 15 വർഷക്കാലം- ലോകക്രിക്കറ്റ് സാക്ഷ്യം വഹിച്ചത് അവിശ്വനീയതകളുടെ കാലം.

അതെ, ലെഗ് സ്റ്റമ്പിന് ഏറെ പുറത്ത് നിന്ന്‌പൊടുന്നനെ കുത്തിത്തിരിഞ്ഞ് വരുന്നൊരു പന്ത് ഓഫ് സ്റ്റമ്പ് പിഴുതെറിയുന്നൊരു അവിശ്വസനീയ പദ്ധതിക്ക് ജീവൻ പകരാൻ ലോക ക്രിക്കറ്റിൽ ഒറ്റയൊരാളെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ പേര് ഷെയിൻ വോൺ എന്നായിരുന്നു. ആ പന്ത് പോലെ തന്നെ തീർത്തും അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മരണവാർത്തയും സംഭവിച്ചിരിക്കുന്നു.

ക്രിക്കറ്റ് മൈതാനത്ത് ഇറങ്ങി രണ്ടാം വർഷം വോൺ ലോകത്തോട് തന്റെ വരവറിയിച്ചു.- നൂറ്റാണ്ടിൽ പിന്നീടൊരിക്കലും ആവർത്തിക്കാൻ ഇടയില്ലാത്ത ഒരു അത്ഭുതം 1993 ജൂൺ നാലിന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ആഷസ് വേദിയിൽ നടന്നു. ഇംഗ്ലണ്ട് ബാറ്റർ മൈക്ക് ഗാട്ടിങ് ബോൾ ഫേസ് ചെയ്യാൻ തയാറായി നിൽക്കുന്നു. ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തു ഒരു സാധാരണ സ്പിൻ ബോൾ വരുന്നു- ഗാട്ടിങ് സാധാരണപോലെ ഡിഫൻഡ് ചെയ്തു. പക്ഷേ ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത ആ പന്ത് ഓഫ് സ്റ്റമ്പ് വീഴ്ത്തിയപ്പോൾ ഗാട്ടിങ് മാത്രമല്ല- ലോക ക്രിക്കറ്റ് തന്നെ ഒരു നിമിഷം സ്തംഭിച്ചു നിന്നു- നൂറ്റാണ്ടിന്റെ പന്തെന്ന് ലോകം വിളിച്ച ആ ബോളിന് പിന്നിലെ മാന്ത്രികനായിരുന്നു വോൺ.

ആസ്‌ത്രേലിയക്ക് വേണ്ടി 145 ടെസ്റ്റ് കളിച്ച വോൺ 25.41 ശരാശരിയിൽ 708 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തിൽ 194 മത്സരങ്ങളിൽ നിന്നായി 293 വിക്കറ്റുകളും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ട്വന്റി-20 മത്സരം കളിക്കും മുമ്പ് തന്നെ അദ്ദേഹം വിരമിച്ചിരുന്നു. അങ്ങനെ 339 മത്സരങ്ങളിൽ നിന്ന് 1001 ബാറ്റ്‌സ്മാൻമാരെയാണ് വോൺ മടക്കി അയച്ചത്. ലോക വിക്കറ്റ് വേട്ടക്കാരിൽ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന് പിറകിൽ രണ്ടാം സ്ഥാനത്താണ് വോൺ. ആയിരത്തിന് മുകളിൽ വിക്കറ്റ് നേടിയ രണ്ടു താരങ്ങളിൽ ഒരാളുമാണ് വോൺ.

കരിയറിൽ ആകെ 10 പ്രാവശ്യം ഒരു മത്സരത്തിലെ എല്ലാ വിക്കറ്റുകളും നേടിയിട്ടുണ്ട് അദ്ദേഹം. ലോകത്ത് തന്നെ രണ്ടാമതാണ് ഈ റെക്കോർഡ്.

'പുറത്തേക്കിറങ്ങുക, ചിരിച്ചുകൊണ്ട് കളിക്കുക, അത്രയും സിംപിളായൊരു ഗെയിമാണ് എനിക്ക് ക്രിക്കറ്റ്.' - ഒരിക്കൽ വോൺ പറഞ്ഞതാണ്. അത്രത്തോളം സിംപിളായിരുന്നു വോൺ. വിരമിച്ചതിന് ശേഷം രാജസ്ഥാൻ റോയൽസിന്റെ ഭാഗമായപ്പോഴും അദ്ദേഹം ആ ലാളിത്യം കാത്തുസൂക്ഷിച്ചിരുന്നു.

നന്ദി വോൺ, ഞങ്ങളുടെ തലമുറയെ അവിശ്വസനീയതകളിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ചതിന്.

Related Tags :
Similar Posts