പാകിസ്താൻ പരിശീലകനായി ഷെയിൻ വാട്‌സനെ പരിഗണിക്കുന്നു; ലക്ഷ്യം ട്വന്റി 20 ലോകകപ്പ്
|വിൻഡീസ് മുൻ ക്യാപ്റ്റൻ ഡാരൻ സമിയേയും പരിഗണിക്കുന്നുണ്ട്.
ഇസ്‌ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് മുൻ ആസ്‌ത്രേലിയൻ ഓൾറൗണ്ടർ ഷെയിൻ വാട്‌സനെ പരിഗണിക്കുന്നു. നിലയിൽ പാക് ടീമിന് പരിശീലകനില്ലാത്ത അവസ്ഥയാണ്. അടുത്ത മാസം ന്യൂസിലാൻഡുമായുള്ള പരമ്പരക്ക് മുൻപായി കോച്ചിനെ നിയമിക്കാനാണ് പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) തീരുമാനം. ജൂണിൽ ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ വിദേശ താരത്തെ തന്നെയെത്തിക്കുന്നതിനാണ് ബോർഡ് പ്രഥമ പരിഗണന നൽകുന്നത്.
അതേസമയം, പിസിബിയുടെ തീരുമാനത്തോട് വാട്‌സൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിലവിൽ പാകിസ്താൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ടീമിന്റെ പരിശീലകനാണ് ഓസീസ് താരം. വിൻഡീസ് മുൻ ക്യാപ്റ്റനും ട്വന്റി 20 ലോകകപ്പ് നേടിയ ടീം നായകനുമായ ഡാരൻസമിയേയും പരിശീലക സ്ഥാനത്തേക്ക് ബോർഡ് പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.
അടുത്തിടെ പിസിബി ചെയർമാനായി മുഹ്‌സിൻ നഖ്‌വിയെ നിയമിച്ചിരുന്നു. ഇതിന് ശേഷമാണ് പരിശീലക സ്ഥാനത്തേക്കുള്ള അന്വേഷണം ശക്തമാക്കിയത്. 42 കാരനായ ഷെയിൻ വാട്‌സൻ 2016ലാണ് ഓസീസിനായി അവസാനമായി കളിച്ചത്. ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായും ചെന്നൈ സൂപ്പർ കിങ്‌സിനായും കളിച്ച താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സമീപകലാത്ത് മോശം ഫോമിലുള്ള പാകിസ്താൻ ട്വന്റി 20 ലോകകപ്പിൽ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. ഏകദിന ലോകകപ്പിന് പിന്നാലെ ബാബർ അസം ക്യാപ്റ്റൻ സ്ഥാനമുന്നയിച്ചിരുന്നു.