'കാർഗിൽ യുദ്ധം നടന്നപ്പോള്‍ ഇന്ത്യയും പാകിസ്താനും തമ്മിൽ കളിച്ചില്ലെ?' കേന്ദ്രമന്ത്രിയെ ഓർമപ്പെടുത്തി ശശിതരൂർ
|'ഇന്ത്യയും പാകിസ്താനും തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിൽ അല്ല എന്നത് സത്യമാണ്. അതേസമയം ബാക്കി കാര്യങ്ങളൊക്കെ നടക്കുന്നുണ്ട്. അതുപോലെ ക്രിക്കറ്റും നടക്കട്ടെ, എന്ത് കൊണ്ടാണ് ക്രിക്കറ്റിന് മാത്രം സമ്മർദം കൊടുക്കുന്നത്'
ക്രിക്കറ്റും രാഷ്ട്രീയവും വെവ്വേറെ വിഷയങ്ങളാണെന്ന് ശശി തരൂർ എം.പി. ലോകകപ്പ് ടി20 ക്രിക്കറ്റിൽ പാകിസ്താനുമായുള്ള ഇന്ത്യയുടെ മത്സരം നടത്തണമോ എന്ന് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാതലത്തിലായിരുന്നു ശശി തരൂർ എംപിയുടെ അഭിപ്രായ പ്രകടനം.
'1999ൽ കാർഗിൽ യുദ്ധം നടക്കുമ്പോൾ ഇന്ത്യയും പാകിസ്താനും ലോകകപ്പിൽ ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്. ആ ദിനം തന്നെ ഏഴ് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നിട്ടും കളി നടന്നു. കാരണം ഇതൊരു ലോകകപ്പാണ്, പാകിസ്താൻ വേറെ രാജ്യമാണ്, ജയിക്കണം എന്ന് മാത്രമെ അന്ന് ഉദ്ദേശമുണ്ടായിരുന്നുള്ളൂ'- മീഡിയവണിന് അനുവദിച്ച അഭിമുഖത്തില്‍ ശശി തരൂർ പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിൽ അല്ല എന്നത് സത്യമാണ്. അതേസമയം ബാക്കി കാര്യങ്ങളൊക്കെ നടക്കുന്നുണ്ട്. അതുപോലെ ക്രിക്കറ്റും നടക്കട്ടെ, എന്ത് കൊണ്ടാണ് ക്രിക്കറ്റിന് മാത്രം സമ്മർദം കൊടുക്കുന്നത്- ശശി തരൂർ ചോദിച്ചു. രാഷ്ട്രീയക്കാർക്ക് ചെയ്യാനുള്ള ജോലിയും നയതന്ത്രപ്രതിനിധികൾക്ക് ചെയ്യാനുള്ള ജോലിയും അവർ ചെയ്യട്ടേയെന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു.
അതേസമയം ടി 20 ലോകകപ്പിൽ ഇന്നാണ് ഇന്ത്യ-പാകിസ്താന് പോര്. രാത്രി ഏഴരയ്ക്ക് ദുബൈയിലാണ് മത്സരം. ക്രിക്കറ്റ്ലോകം കാത്തിരിക്കുന്ന മത്സരത്തിൽ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ട്വന്റി 20 ലോകകപ്പിൽ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യ കിരീടം ചൂടിയതും പാകിസ്താനെ വീഴ്ത്തിയായിരുന്നു. റാങ്കിങിൽ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെക്കാൾ ഒരു പടി മുകളിലാണ് ഇന്ത്യ.