തട്ടീം മൂട്ടീം കോണ്‍വേയുടെ കിടിലന്‍ ക്യാച്ച്; അഫ്ഗാന് ആദ്യമായി കാലിടറിയത് ഇവിടെ...; വീഡിയോ
|നാല് റണ്‍സ് എടുത്താണ് ഷഹ്‌സാദ് മടങ്ങിയത്
ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ലഭിച്ച ആദ്യത്തെ പ്രഹരമായിരുന്നു ഓപ്പണര്‍ മുഹമ്മദ് ഷെഹസാദിന്‍റെ വിക്കറ്റ്. ഈ വിക്കറ്റ് വീഴ്ത്താന്‍ ന്യൂസിലാന്‍റിനെ തുണച്ചത് ഡെവണ്‍ കോണ്‍വെയുടെ അതിഗംഭീര ക്യാച്ചാണ്.
ഓഫ് സൈഡ് ബൌണ്‍സറായെത്തിയ ആദം മില്‍നെയുടെ പന്തില്‍ ഫ്ലിക്ക് ഷോട്ടിന് ശ്രമിക്കവെയാണ് വിക്കറ്റ് കീപ്പര്‍ കോണ്‍വെക്ക് ക്യാച്ച് നല്‍കി ഷെഹസാദ് മടങ്ങുന്നത്. കോണ്‍വേയുടെ ഗ്ലൗസില്‍ നിന്ന് തെറിച്ച പന്ത് പിന്നാലെ കോണ്‍വേയുടെ കണങ്കൈയില്‍ തട്ടി. എന്നാല്‍ ഗ്രൗണ്ട് തൊടുന്നതിന് മുമ്പ് പന്ത് സുരക്ഷിതമായി കൈക്കുള്ളിലാക്കാന്‍ കോണ്‍വേക്ക് കഴിഞ്ഞു.
നാല് റണ്‍സ് എടുത്താണ് ഷെഹ്‌സാദ് മടങ്ങിയത്. ഷെഹ്‌സാദ് മടങ്ങുമ്പോള്‍ അഫ്ഗാന്‍ സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു. 19-3 എന്ന നിലയിലേക്ക് അഫ്ഗാന്‍ തകര്‍ന്നെങ്കിലും 73 റണ്‍സ് നേടിയ നജിബുള്ള നദ്രാന്റെ ഇന്നിങ്‌സ് അവരെ നൂറ് കടത്തി.