Cricket
Shikhar Dhawan along with Kohlis incredible feat in IPL 50 partnerships.

Kohli, Dhawan

Cricket

കോഹ്‌ലിയുടെ അവിശ്വസനീയ നേട്ടത്തിനൊപ്പമെത്തി ശിഖർ ധവാൻ, ഇതാണ് ആ റെക്കോർഡ്

Sports Desk
|
1 April 2023 12:22 PM GMT

ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ താരമെന്ന റെക്കോർഡ് ധവാന്റെ പേരിലാണ്

അമൃതസർ: ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ അവിശ്വസനീയ നേട്ടത്തിനൊപ്പമെത്തി പഞ്ചാബ് കിംഗ്‌സ് നായകൻ ശിഖർ ധവാൻ. ഐ.പി.എല്ലിൽ 94 അർധ സെഞ്ച്വറി കൂട്ടുകെട്ട് നേടിയ താരമെന്ന കോഹ്‌ലിയുടെ നേട്ടത്തിനൊപ്പമാണ് പഞ്ചാബ് നായകനെത്തിയത്. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിൽ ബാനുക രജപക്‌സക്കൊപ്പം താരം അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ഇതോടെയാണ് റെക്കോർഡ് നേടിയത്. 83 അർധ സെഞ്ച്വറി കൂട്ടുകെട്ടുമായി സുരേഷ് റെയ്‌നയാണ് മൂന്നാമതുള്ളത്. 82 അർധസെഞ്ച്വറി കൂട്ടുകെട്ടുകളുടെ ഭാഗമായ ഡേവിഡ് വാർണർ നാലാമതുണ്ട്. ഇന്ന് കൊൽക്കത്തക്കെതിരെയുള്ള മത്സരത്തിൽ 29 പന്തിൽ നിന്ന് 40 റൺസാണ് ശിഖർ ധവാൻ നേടിയത്.

ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ താരമെന്ന റെക്കോർഡ് ധവാന്റെ പേരിലാണ്. 837 ബൗണ്ടറികളാണ് ധവാൻ അടിച്ചുകൂട്ടിയത്. 796 ബൗണ്ടറികളുമായി പട്ടികയിൽ കോഹ്‌ലി രണ്ടാമതാണുള്ളത്. ഡേവിഡ് വാർണർ (793), ക്രിസ് ഗെയ്ൽ(761), രോഹിത് ശർമ(759) എന്നിവർ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.

കൊൽക്കത്തക്കെതിരെ പഞ്ചാബ് കിംഗ്‌സിന് 191 റൺസ്

ഐ.പി.എല്ലിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ്. വൺഡൗണായെത്തിയ ശ്രീലങ്കൻ താരം ബാനുക രജപക്‌സയും ഓപ്പണറും നായകനുമായ ശിഖർ ധവാനും തകർത്തടിച്ചതോടെയാണ് ടീമിന് തരക്കേടില്ലാത്ത സ്‌കോർ നേടാനായത്. രജപക്‌സ 32 പന്തിൽ രണ്ട് സിക്‌സും അഞ്ച് ഫോറുമായി അർധസെഞ്ച്വറി നേടി. ധവാൻ 29 പന്തിൽ ആറു ഫോറുമായി 40 റൺസാണടിച്ചത്.

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കൊൽക്കത്തയ്ക്കാണ് ടോസ് ലഭിച്ചത്. എന്നാൽ അവർ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത പഞ്ചാബിന്റെ ഓപ്പണർ പ്രഭ്‌സിമ്രാൻ സിംഗ് 12 പന്തിൽ രണ്ട് വീതം സിക്‌സും ഫോറുമായി കസറി. ആദ്യ രണ്ടോവറിൽ പഞ്ചാബ് നേടിയ 23 റൺസും സിംഗിന്റെ ബാറ്റിൽനിന്നായിരുന്നു. എന്നാൽ ടിം സൗത്തിയുടെ പന്തിൽ റഹ്മത്തുല്ലാഹ് ഗുർബാസ് പിടിച്ച് താരം പുറത്തായി. ഇതോടെയാണ് ധവാനും രജപക്‌സയും ഒരുമിച്ചത്. ഇരുവരും ചേർന്നുള്ള സഖ്യം സ്‌കോർ 109ൽ എത്തിയപ്പോഴാണ് പിരിഞ്ഞത്. ബാനുകയെ ഉമേഷ് യാദവാണ് വീഴ്ത്തിയത്. റിങ്കു സിംഗാണ് ക്യാച്ചെടുത്തത്. പിന്നീടെത്തിയ ജിതേഷ് ശർമയെ (21) ടിം സൗത്തി ഉമേഷിന്റെ കൈകളിലെത്തിച്ചു. ധവാനെ വരുൺ ചക്രവർത്തി ബൗൾഡാക്കി. സിക്കന്ദർ റാസയെ സുനിൽ നരയ്ൻ പുറത്താക്കി. നിതീഷ് റാണ പിടികൂടുകയായിരുന്നു. വാലറ്റത്ത് സാം കറണും ഷാരൂഖ് ഖാനും കത്തിക്കയറി. കറൺ 16 പന്തിൽ 26 ഉം ഷാരൂഖ് 11 പന്തിൽ ഏഴും റൺസ് നേടി.

പഞ്ചാബ് കിംഗ്സ് ഇലവൻ: ശിഖർ ധവാൻ (ക്യാപ്റ്റൻ), പ്രഭ്സിമ്രാൻ സിംഗ്, ബാനുക രജപ്ക്സ, സാം കറൺ, ജിതേഷ്, റാസ, ഷാരൂഖ്, ബ്രാർ, അർഷദീപ്, രാഹുൽ ചാഹർ, എല്ലിസ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: നിതീഷ് റാണ(ക്യാപ്റ്റൻ), മൻദീപ്, റസ്സൽ, ഗുർബാസ്, റിങ്കു, അൻകുൽ, നരയ്ൻ, ചക്രവർത്തി, ഉമേഷ് യാദവ്, ഷർദുൽ താക്കൂർ, സൗത്തി.

Shikhar Dhawan along with Kohli's incredible feat in IPL 50 partnerships.

Similar Posts