ധവാനും ശ്രേയസ് അയ്യരും രോഗമുക്തരായി: പരിശീലനത്തിന് അനുമതി
|ബുധനാഴ്ച നടക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇരുവര്‍ക്കും കളിക്കാനാകില്ല. അതേസമയം രോഗം ബാധിച്ച ഋതുരാജ് ഗെയ്ക്‌വാദ് ഇപ്പോഴും ഐസൊലേഷനിലാണ്.
കോവിഡ് ബാധിച്ച ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാനും ശ്രേയസ് അയ്യരും നെഗറ്റീവായി. രോഗം ഭേദമായതോടെ ഇരുവര്‍ക്കും പരിശീലനത്തിനുള്ള അനുമതി ലഭിച്ചു. എങ്കിലും ബുധനാഴ്ച നടക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇരുവര്‍ക്കും കളിക്കാനാകില്ല. അതേസമയം രോഗം ബാധിച്ച ഋതുരാജ് ഗെയ്ക്‌വാദ് ഇപ്പോഴും ഐസൊലേഷനിലാണ്.
ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ, ഓപ്പണർ മായങ്ക് അഗർവാൾ എന്നിവർ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം പരിശീലനത്തിനിറങ്ങിയിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിന് മുന്നോടിയായാണ് പരിശീലനം. രണ്ടാം ഏകദിനത്തിന് മുന്‍പായി കളിക്കാര്‍ തിരിച്ചെത്തിയത് ഇന്ത്യയുടെ കരുത്ത് കൂട്ടും.
ബുധനാഴ്ചയാണ് വിന്‍ഡിസിന് എതിരായ പരമ്പരയിലെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. സഹോദരിയുടെ വിവാഹത്തെ തുടര്‍ന്നാണ് കെഎല്‍ രാഹുല്‍ ആദ്യ ഏകദിനം കളിക്കാതിരുന്നത്. ഇന്ത്യന്‍ ടീമിലെ നാല് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതോടെയാണ് മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് ചേര്‍ത്തത്. എന്നാല്‍ ടീമിനൊപ്പം ചേരുന്നതിന് മുന്‍പുള്ള ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നതിനാലാണ് മായങ്കിന് ആദ്യ ഏകദിനം നഷ്ടമായത്. ഇതേ തുടര്‍ന്ന് രോഹിത്തിനൊപ്പം ഇഷാന്‍ കിഷനാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.
എന്നാല്‍ മായങ്കിന്റെ മടങ്ങിവരവോടെ കിഷന്റെ ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടുമോ എന്നുറപ്പില്ല. ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ 36 പന്തില്‍ നിന്ന് 28 റണ്‍സ് ആണ് നേടിയത്.