ഇപ്പോ നിങ്ങൾക്ക് സന്തോഷമായില്ലെ? വിമർശനത്തിന് നേരിട്ട് കൊടുത്ത് ധവാൻ, ചിരിയിലൊതുക്കി ബോഗ്‌ലെ
|ബോഗ്‌ലയുടെ ട്വിറ്ററിലൂടെയുള്ള വിമർശനത്തിന് നേരിട്ട് തന്നെ മറുപടികൊടുത്ത് ശിഖർധവാൻ
ഹൈദരാബാദ്: ശിഖർധവാന്റെ സ്‌ട്രൈക്ക് റൈറ്റിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു കമന്റേറ്ററായ ഹർഷ ബോഗ്‌ലെ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ ധവാന്റെ ഇന്നിങ്‌സായിരുന്നു ബോഗ്‌ലെയുടെ വിമർശനത്തിന് കാരണം. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഇങ്ങനെ ബാറ്റ് ചെയ്യുന്നതുകൊണ്ട് ഒരു കാര്യവുമില്ലെന്നായിരുന്നു ബോഗ്‌ലെയുടെ ട്വീറ്റ്. ശിഖർ ധവാന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ബോഗ്‌ലെയുടെ വിമർശനം.
ആ മത്സരത്തിൽ പഞ്ചാബ് വിജയിച്ചിരുന്നുവെങ്കിലും ധവാൻ ഒന്ന് 'വീശി'ക്കളിച്ചിരുന്നുവെങ്കിൽ സ്‌കോർ ഇനിയും ഉയർത്താമായിരുന്നുവെന്നാണ് ബോഗ്‌ലെ പറഞ്ഞുവെച്ചത്. എന്നാൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ധവാൻ ആ പരാതിയങ്ങ് തീർത്ത് കൊടുത്തു. 100 പോലും കടക്കാൻ കഴിയാതിരുന്ന പഞ്ചാബ് ഇന്നിങ്‌സിനെ കെട്ടിപ്പൊക്കിയപ്പോൾ സ്‌കോർബോർഡിലേക്ക് എത്തിയത് 143 റൺസ്. ഒമ്പത് പേർ രണ്ടക്കം കാണാതെ പേയാപ്പോൾ 99 റൺസാണ് ശിഖർ ധവാൻ നേടിയത്. അതും 66 പന്തുകളിൽ നിന്ന്. 12 ബൗണ്ടറികളും എണ്ണംപറഞ്ഞ അഞ്ച് സിക്‌സറുകളും ധവാന്റെ ഇന്നിങ്‌സിന് ചന്തമേകി, സ്‌ട്രൈക്ക് റൈറ്റോ 150ഉം.
മത്സരത്തിൽ പഞ്ചാബ് തോറ്റെങ്കിലും കളിയിലെ താരമായി തെരഞ്ഞടുത്തത് പഞ്ചാബിന്റെ നായകന്‍കൂടിയായ ശിഖർ ധവാനെയായിരുന്നു. സമ്മാനദാനചടങ്ങിൽ കണ്ടപ്പോൾ ശിഖർ ധാൻ പറഞ്ഞതും ഇക്കാര്യമായിരുന്നു. ഇപ്പോൾ നിങ്ങൾക്ക് എന്റെ സ്‌ട്രൈക്ക് റൈറ്റിൽ സന്തോഷമായില്ലെ? ഹർഷ ബോഗ്‌ലെയോട് നേരിട്ട് തന്നെ ധവാൻ ചോദിച്ചു. അന്നത്തെ ട്വീറ്റ് തീർത്തും വ്യത്യസ്തമായ സാഹചര്യത്തിലാണെന്നായിരുന്നു ബോഗ്‌ലെയുടെ മറുപടി. ഇക്കാര്യം പറഞ്ഞ് ഇരുവരും ചിരിക്കുന്നുണ്ടായിരുന്നു.
മത്സരത്തിൽ പ്രതീക്ഷിച്ച തോൽവിയായിരുന്നു പഞ്ചാബിന്റേത്. 20 ഓവറിൽ 143 എന്നത് തീർത്തും ദുർബലമായ സ്‌കോർ. ഹൈദരാബാദാകട്ടെ 17ാം ഓവറിലെ ആദ്യപന്തിൽ തന്നെ ലക്ഷ്യംമറികടന്നു. രാഹുൽ ത്രിപാഠിയും എയ്ഡൻ മാർക്രമുമാണ് ഹൈദരാബാദിന്റെ ജയം എളുപ്പമാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വെള്ളിയാഴ്ചയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് പഞ്ചാബ് കിങ്‌സിന്റെ അടുത്ത മത്സരം.