'അഫ്ഗാനിസ്താൻ ന്യൂസിലാൻഡിനെ തോൽപിച്ചാൽ വലിയ ബഹളമായിരിക്കും': ഷുഹൈബ് അക്തർ പറയുന്നു...
|നമീബിയക്കെതിരെ ഇന്ത്യ എത്ര മാർജിനലിൽ വിജയിച്ചാലും ന്യൂസിലാൻഡ് അഫ്ഗാനിസ്താനെ തോൽപിച്ചാൽ ഇന്ത്യക്ക് ഒരു രക്ഷയുമില്ല. ജഡേജ പത്രസമ്മേളനത്തിൽ പറഞ്ഞപോലെ പെട്ടിയുമെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുക തന്നെ വേണം.
ലോകകപ്പ് ടി20യിൽ ഇനി ഇന്ത്യയുടെ പ്രതീക്ഷകളത്രയും ന്യൂസിലാൻഡ്-അഫ്ഗാനിസ്താൻ മത്സരത്തിലാണ്. നമീബിയക്കെതിരെ ഇന്ത്യ എത്ര മാർജിനലിൽ വിജയിച്ചാലും ന്യൂസിലാൻഡ് അഫ്ഗാനിസ്താനെ തോൽപിച്ചാൽ ഇന്ത്യക്ക് ഒരു രക്ഷയുമില്ല. ജഡേജ പത്രസമ്മേളനത്തിൽ പറഞ്ഞപോലെ പെട്ടിയുമെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുക തന്നെ വേണം. അങ്ങനെയൊരു സാധ്യതയിലേക്കാണ് അഫ്ഗാനിസ്താന്റെ നിലവിലെ ഫോം നോക്കുകയാണെങ്കിൽ മനസിലാകുക.
എന്നാൽ ന്യൂസിലാൻഡ്, സ്‌കോട്ട്‌ലാൻഡിനെതിരെയും നമീബിയകക്കെതിരെയും കളിച്ച രീതി നോക്കുകയാണെങ്കിൽ ഇന്ത്യക്ക് ചെറിയ പ്രതീക്ഷയുണ്ട് താനും. തുടക്കത്തിൽ തകരുന്ന ന്യൂസിലാൻഡിനെയാണ് ഈ മത്സരങ്ങളിൽ കണ്ടത്. എന്നാൽ അഫ്ഗാനെപ്പോലെ ക്രിക്കറ്റിൽ കുറച്ചെങ്കിലും അനുഭവ സമ്പത്തുള്ള ടീമിന് ആ തകർച്ച മുതലാക്കാനാകും എന്നാണ് വിലയിരുത്തല്‍. ഏതായാലും ഇനി അഫ്ഗാൻ ജയിച്ചാൽ സമൂഹമാധ്യമങ്ങളിലുണ്ടാകുന്ന പൊല്ലാപ്പുകളെക്കുറിച്ചാണ് മുൻ പാക് താരം ഷുഹൈബ് അക്തർ പറയുന്നത്.
നേരത്തെ അഫ്ഗാനിസ്താനെതിരെ ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയപ്പോൾ തന്നെ ഒത്തുകളി ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാതലത്തിലായിൽ കൂടിയാണ് അക്തർ പറയുന്നത്. 'അഫ്ഗാനിസ്താൻ ജയിച്ചാൽ അത് സമൂഹമാധ്യമങ്ങളിൽ വലിയ ഒച്ചപ്പാടായിരിക്കുമെന്നാണ് അക്തർ പറയുന്നത്. നിരവധി ചോദ്യങ്ങളായിരിക്കും ഇത് സംബന്ധിച്ച് ഉയരുക. കൂടുതൽ വിവാദങ്ങളിലേക്ക് ഞാനില്ല. ഇതിനെക്കുറിച്ച് പറയാനും താൽപര്യമില്ല. ന്യൂസിലാൻഡിന് മേൽ പാകിസ്താന് വൻ പ്രതീക്ഷകളാണ്. എന്നിരുന്നാലും ന്യൂസിലാൻഡ് തന്നെയാണ് മികച്ച ടീം. അവർക്ക് അഫ്ഗാനിസ്താനെ തോൽപിക്കാനാകും' - അക്തർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോട് ആയിരുന്നു അക്തറിന്റെ പ്രതികരണം.
അതേസമയം ലോകകപ്പ് ടി20യിൽ ഇന്ത്യ-അഫ്ഗാനിസ്താൻ മത്സരം ഒത്തുകളിയാണെന്ന സോഷ്യൽ മീഡിയയിലെ അടക്കം പറച്ചിലുകളെ വിമർശിച്ച് പാകിസ്താന്റെ ഇതിഹാസ താരങ്ങളായ വഖാർ യൂനുസും വസീം അക്രവും രംഗത്ത് എത്തിയിരുന്നു. ഒത്തുകളി ആരോപണം ഗൂഢാലോചനാ സിദ്ധാന്തമാണെന്നായിരുന്നു വസീം അക്രത്തിന്റെ പ്രതികരണം.