അന്ന് മോദിയെ അവഗണിച്ചു' ; അയ്യരുടെ വാർഷിക കരാർ പോയതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കി ആരാധകർ
|ആസ്‌ത്രേലിയക്കെതിരെ ഫൈനൽ തോൽവിക്ക് പിന്നാലെ നരേന്ദ്രമോദി ഇന്ത്യൻ ഡ്രസിങ് റൂമിലേക്കെത്തിയിരുന്നു.
ന്യൂഡൽഹി: ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ശ്രേയസ് അയ്യരേയും ഇഷാൻ കിഷനേയും ഒഴിവാക്കിയ തീരുമാനത്തെ തുടർന്നുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും മുൻ താരങ്ങളടക്കം രംഗത്ത് വരുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളിൽ മറ്റൊരു വീഡിയോ പ്രചരിക്കുന്നത്. രഞ്ജി കളിക്കുന്നതിൽ വിമുഖത കാണിച്ചതൊന്നുമല്ല, കഴിഞ്ഞ ലോകകപ്പിൽ ആസ്‌ത്രേലിയക്കെതിരായ തോൽവിക്ക് പിന്നാലെ ഡ്രസിങ് റൂമിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയപ്പോൾ അവഗണിക്കുന്നവിധത്തിൽ ശ്രേയസ് അയ്യർ പെരുമാറിയതാണ് തിരിച്ചടിക്ക് കാരണമെന്നാണ് കണ്ടെത്തൽ. അന്നത്തെ വീഡിയോ പങ്കുവെച്ചാണ് ആരാധകർ രംഗത്തെത്തിയത്
ഗുജറാത്തിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ ആസ്‌ത്രേലിയക്കെതിരെ ഫൈനൽ തോൽവിക്ക് പിന്നാലെ നരേന്ദ്രമോദി ഇന്ത്യൻ ഡ്രസിങ് റൂമിലേക്കെത്തിയിരുന്നു. നിരാശരായ താരങ്ങളെ ആശ്വസിപ്പിക്കാനായിരുന്നു എത്തിയത്. ഓരോ കളിക്കാരുടെ അടുത്തേക്കും മോദിയെത്തി. ഇതിനിടെ ശ്രേയസ് അയ്യരുടെ ശരീരഭാഷ മോദിയുടെ വരവിൽ താൽപര്യമില്ലെന്ന് പറയുന്നവിധത്തിലായിരുന്നു. അന്നു തന്നെ ഇത് വലിയ തോതിൽ ചർച്ചയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് താരത്തെ കരാറിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ശ്രേയസ് ആരാധകർ പറയുന്നത്.
രഞ്ജി ട്രോഫി കളിക്കുന്നതിൽ വിമുഖത കാണിച്ചതാണ് അയ്യരെ കരാറിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നാണ് പൊതുവെ വിലയിരുത്തൽ. എന്നാൽ രഞ്ജി കളിക്കാതെ ഐപിഎല്ലിനായി ഒരുങ്ങുന്ന ഹാർദിക് പാണ്ഡ്യയെ എ കാറ്റഗറിയിൽ നിലനിർത്തുകയായിരുന്നു. ഇതോടെ ബിസിസിഐ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പഠാൻ രംഗത്തെത്തുകയും ചെയ്തിരുന്നു.