ഐ.പി.എല്ലിൽ കൊൽക്കത്തയെ നയിക്കാൻ ശ്രേയസ് അയ്യർ
|2020ൽ ശ്രേയസ് ഡൽഹിയെ ഫൈനലിലെത്തിച്ചിരുന്നു
ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കാൻ ഇന്ത്യൻ താരം ശ്രേയസ് അയ്യർ എത്തുന്നു. ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎല്ലിൽ മുമ്പ് ഡൽഹി കാപ്പിറ്റൽസിന്റെ ക്യാപ്ടൻസി വഹിച്ചിട്ടുള്ള താരമാണ് ശ്രേയസ് അയ്യർ.
ഓയിൻ മോർഗൻ ആയിരുന്നു ടീമിന്റെ മുൻ ക്യാപ്റ്റൻ. അദ്ദേഹത്തെ ഒഴിവാക്കിയ കൊൽക്കത്ത ഇത്തവണത്തെ താരലേലത്തിൽ 12.25 കോടിക്കാണ് ശ്രേയസ് അയ്യരെ ടീമിലെടുത്തത്. 'ഐ.പി.എൽ ലേലത്തിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിഞ്ഞതിലും അദ്ദേഹത്തിന് ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിലും ഞങ്ങൾ സന്തുഷ്ടരാണ്'. കെകെആറിന്റെ സിഇഒയും എംഡിയുമായ വെങ്കി മൈസൂർ പറഞ്ഞു. ഉന്നത നിലവാരമുള്ള മികച്ച ബാറ്റ്‌സ്മാനാണ് ശ്രേയസ്. കെ.കെ.ആറിന്റെ നായകനെന്ന നിലയ്ക്ക് അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുകുമെന്നാണ് പ്രതീക്ഷിക്കുന്നത്, വെങ്കി മൈസൂർ കൂട്ടിച്ചേർത്തു.
കെകെആർ പോലൊരു അഭിമാനകരമായ ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു, ശ്രേയസ് പറഞ്ഞു. ഐ.പി.എല്ലിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ പരിചയപ്പെടാനാകും, അവരുടെ സംസ്‌കാരത്തെയും ആർജിച്ചെടുക്കാനാവും, വിദേശ താരങ്ങളുടെ ഒരു നിര കെ.കെ.ആറിനുമുണ്ട്, കഴിവുറ്റ ഈ താരങ്ങളടങ്ങിയ ടീമിനെ നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രേയസ് അയ്യർ വ്യക്തമാക്കി. അതേസമയം ശ്രേയസുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ഹെഡ് കോച്ച് ബ്രെണ്ടൻ മക്കലം പറഞ്ഞു. ശ്രേയസിന്റെ ക്യാപറ്റൻസി മികവ് ദൂരെ നിന്നു കണ്ട് ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020ൽ ശ്രേയസ് ഡൽഹിയെ ഫൈനലിലെത്തിച്ചിരുന്നു. 87 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 123.95 എന്ന സ്‌ട്രൈക്ക് റേറ്റിൽ 2375 റൺസ് ശ്രേയസ് നേടിയിട്ടുണ്ട്.