Cricket
തലപുകയ്‌ക്കേണ്ട ശ്രേയസ് അയ്യർ കളിക്കും: വ്യക്തമാക്കി അജിങ്ക്യ രഹാനെ
Cricket

'തലപുകയ്‌ക്കേണ്ട' ശ്രേയസ് അയ്യർ കളിക്കും: വ്യക്തമാക്കി അജിങ്ക്യ രഹാനെ

Web Desk
|
24 Nov 2021 12:31 PM GMT

ശ്രേയസ് അയ്യരുടെ ടെസ്റ്റ് അരങ്ങേറ്റമായിരിക്കും ഇത്. കെ.എൽ രാഹുൽ പരുക്കേറ്റ് ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായ സാഹചര്യത്തിലാണ് അയ്യർക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കുന്നത്.

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ അരങ്ങേറും. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ നായകന്‍ അജിങ്ക്യ രഹാനെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രേയസ് അയ്യരുടെ ടെസ്റ്റ് അരങ്ങേറ്റമായിരിക്കും ഇത്. കെ.എൽ രാഹുൽ പരുക്കേറ്റ് ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായ സാഹചര്യത്തിലാണ് അയ്യർക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കുന്നത്.

ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 303–ാമത്തെ താരമാകും അയ്യർ. അതേസമയം കെ. എല്‍ രാഹുല്‍ പരമ്പരയില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ശുഭ്മാന്‍ ഗില്‍ മായങ്ക് അഗര്‍വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. 2017ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ ശ്രേയസിനെ തേടി നാലു വര്‍ഷം കഴിഞ്ഞാണ് ടെസ്റ്റിലേക്കുള്ള ആദ്യത്തെ വിളിയെത്തുന്നത്. അതേസമയം, ശ്രേയസ് അയ്യർ മാത്രമായിരിക്കുമോ ഈ ടെസ്റ്റിലെ അരങ്ങേറ്റ താരം എന്ന് സ്ഥിരീകരിക്കാൻ രഹാനെ തയാറായില്ല. സൂര്യകുമാര്‍ യാദവാണ് അരങ്ങേറ്റം പ്രതീക്ഷിക്കുന്ന മറ്റൊരു കളിക്കാരന്‍.

വ്യാഴാഴ്ച കാൺപൂരിലാണ് ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ്. പരമ്പരയിൽ രണ്ട് മത്സരങ്ങളാണുള്ളത്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നീവരുടെ അഭാവത്തിലാണ് ന്യൂസിലാൻഡിനെതിരെ ഇന്ത്യ ഇറങ്ങുന്നത്. ഇതോടൊപ്പം ഫോമിലുള്ള ലോകേഷ് രാഹുൽ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് ക്ഷീണമാകും.

അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്കില്‍ രാവിലെ ഒമ്പതു മണിക്കാണ് ടോസ്. കളി 9.30ന് തുടങ്ങും. ആദ്യ ടെസ്റ്റില്‍ വിജയപ്രതീക്ഷയോടെ ഇറങ്ങുമ്പോള്‍ ഇതുവരെയുള്ള കണക്കുകള്‍ ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്. ഇതുവരെ 61 ടെസ്റ്റികളിലാണ് ഇന്ത്യയും കിവീസും ഏറ്റുമുട്ടിയത്. ഇതില്‍ 21 എണ്ണത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 13 ടെസ്റ്റുകളില്‍ ന്യൂസിലാന്‍ഡും ജയം നേടി. 26 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

Similar Posts