സച്ചിന്റെ 24 വർഷം പഴക്കമുള്ളൊരു റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ
|സിംബാബ്‌വെയിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന നേട്ടമാണ് ശുഭ്മാൻ ഗില്ലിനെ തേടിയെത്തിയിരിക്കുന്നത്.
ഹരാരെ: ഉഗ്രൻ ഫോമിലാണ് ശുഭ്മാൻ ഗിൽ. സിംബാബ് വെക്കെതിരായ മൂന്നാം ഏകദിനത്തിൽ നേടിയ തകർപ്പൻ സെഞ്ച്വറിയോടെ ഏകദിന ക്രിക്കറ്റിലും തന്റെ സാന്നിധ്യം ടീം ഇന്ത്യക്ക് അനിവാര്യമെന്ന് തെളിയിക്കുകയാണ് താരം. ഇപ്പോഴിതാ ഒരു ഇതിഹാസ റെക്കോർഡ് താരം മറികടന്നിരിക്കുന്നു. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ 24 വർഷം മുമ്പ് നേടിയൊരു റെക്കോർഡാണ് താരം മറികടന്നത്.
സിംബാബ്‌വെയിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന നേട്ടമാണ് ശുഭ്മാൻ ഗില്ലിനെ തേടിയെത്തിയിരിക്കുന്നത്. 1998ൽ ബുലാവോവയിൽ സച്ചിൻ തെണ്ടുൽക്കർ പുറത്താകാതെ നേടിയ 127 റൺസാണ് നേടിയിരുന്നത്. അതായിരുന്നു ഇക്കാലമത്രയും ഒരു ഇന്ത്യക്കാരന്റെ സിംബാബ്‌വെയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ. എന്നാൽ 2022ൽ ശുഭ്മൻ ഗിൽ നേടിയത് 130 റൺസ്. സച്ചിനെക്കാളും മൂന്ന് റൺസ് കൂടുതൽ.
അമ്പാട്ടി റായിഡു(124) യുവരാജ് സിങ്(120) എന്നിവരാണ് സിംബാബ്‌വെയിൽ ഉയർന്ന വ്യക്തിഗത സ്‌കോറുള്ള മറ്റു ഇന്ത്യക്കാർ. അതിവേഗത്തിലായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. 97 പന്തുകളിൽ നിന്ന് 15 ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ തകർപ്പൻ ഇന്നിങ്‌സ്. മത്സരത്തിൽ ഇന്ത്യയുടെ ജയം 13 റൺസിനയിരുന്നു. ശുഭ്മാൻ ഗിൽ തന്നെയാണ് മത്സരത്തിലെയും പരമ്പരയിലേയും താരം. മത്സരത്തിൽ നിർണയകമായൊരു ക്യാച്ചും ഗിൽ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ വിജയത്തിന് വിലങ്ങുതടിയായി നിന്നിരുന്ന സികന്ദർ റാസയെയാണ് ഗിൽ പറന്നുപിടികൂടിയത്.
115 റൺസാണ് സികന്ദർ റാസ നേടിയത്. 95 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സറുകളും ഒമ്പത് ഫോറും സഹിതമായിരുന്നു സികന്ദർ റാസയുടെ ഇന്നിങ്‌സ്. അവസാന ഓവറുകളിൽ തകർത്തടിച്ച് ടീമിനെ കരകയറ്റനായിരുന്നു സികന്ദർ റാസയുടെ ശ്രമം. എന്നാൽ ഗില്ലിന്റെ കിടിലനൊരു ക്യാച്ചിൽ റാസ വീഴുകയായിരുന്നു.