ഏഷ്യാകപ്പിനുള്ള ടീം പ്രഖ്യാപിച്ചു; ശുഭ്മാൻ ഗിൽ ഇല്ലെന്ന് സ്റ്റാർ സ്‌പോർട്‌സ്, പിന്നെ സംഭവിച്ചത്
|സ്റ്റാർസ്‌പോർട്‌സ് അവതരിപ്പിച്ച ഇൻഫോഗ്രാഫിക്‌സിൽ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ പേര് ഇല്ല. പിന്നീട് തിരുത്തിയെങ്കിലും അതിനകം അമളി ആഘോഷിച്ച് തുടങ്ങിയിരുന്നു.
ന്യൂഡൽഹി: ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനമായിരുന്നു ഇന്നലെ ഇന്ത്യൻ ക്രിക്കറ്റിനെ സജീവമാക്കിയിരുന്നത്. രോഹിത് ശർമ്മയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ഒരുമിച്ചിരുന്നാണ് ടീം പ്രഖ്യാപനം നടത്തിയത്. എന്നാൽ ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മത്സരത്തിന്റെ ഔഗ്യോഗിക ബ്രോഡ്കാസ്റ്റേഴ്‌സായ സ്റ്റാർസ്‌പോർട്‌സിന് സംഭവിച്ച അമളിയാണ് സമൂഹമാധ്യങ്ങളെ കുറച്ച് സമയത്തേക്ക് സജീവമാക്കിയത്.
ടീം പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റാർസ്‌പോർട്‌സ് അവതരിപ്പിച്ച ഇൻഫോഗ്രാഫിക്‌സിൽ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ പേര് ഇല്ല. പിന്നീട് തിരുത്തിയെങ്കിലും അതിനകം അമളി ആഘോഷിച്ച് തുടങ്ങിയിരുന്നു.
മുൻ ഇന്ത്യൻ താരം വസിം ജാഫർ ഉൾപ്പെടെയുള്ളവർ ട്രോളുകളുമായി രംഗത്ത് എത്തി. കരിയറിന്റെ ഉന്നതങ്ങളിലാണ് ശുഭ്മാൻ ഗിൽ. 2022 ജനുവരിക്ക് ശേഷം ഏകദിനത്തിൽ മാത്രം ഗിൽ നേടിയത് 1388 റൺസാണ്. 69.40 ആണ് താരത്തിന്റെ ആവറേജ്. ഇങ്ങനെയുള്ളൊരു താരത്തെ വിട്ടുപോകുന്നത് ശരിയല്ലെന്നായിരുന്നു ഒരാളുടെ കുറിപ്പ്.
അതേസമയം ഈ മാസം 30നാണ് ഏഷ്യാകപ്പ് ആരംഭിക്കുന്നത്. പാകിസ്താനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ. ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ സെപ്തംബർ രണ്ടിനാണ്. ശ്രീലങ്കയാണ് വേദി.
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ: രോഹിത് ശർമ്മ(നായകൻ) ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ലോകേഷ് രാഹുൽ,ഹാർദിക് പാണ്ഡ്യ(ഉപനായകൻ)ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശർദുൽ താക്കൂർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജി സാംസൺ( റിസർവ് താരം)