Cricket
നീയൊരു കുട്ടിയെ പോലെയാണ് പെരുമാറുന്നത്.. സിറാജ് എന്നോട് കയര്‍ത്തു..;  പട്ടേലുമായുള്ള വാക്കേറ്റത്തെക്കുറിച്ച് മനസ്സു തുറന്നത് പരാഗ്
Cricket

''നീയൊരു കുട്ടിയെ പോലെയാണ് പെരുമാറുന്നത്.. സിറാജ് എന്നോട് കയര്‍ത്തു.."; പട്ടേലുമായുള്ള വാക്കേറ്റത്തെക്കുറിച്ച് മനസ്സു തുറന്നത് പരാഗ്

Web Desk
|
5 Jun 2022 11:48 AM GMT

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ ബാംഗ്സൂര്‍ പോരാട്ടത്തിനിടെയാണ് മൈതാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് ബാംഗ്ലൂർ പോരാട്ടത്തിനിടെ ഹര്‍ഷല്‍ പട്ടേലുമായുണ്ടായ വാക്കേറ്റത്തെക്കുറിച്ച് മനസ്സു തുറന്ന് രാജസ്ഥാന്‍ റോയല്‍സ് യുവതാരം റിയാന്‍ പരാഗ്. സീസണില്‍ ഫോം കണ്ടെത്താൻ വിഷമിച്ചു നിന്ന റിയാൻ പരാഗ് ഫോമിലേക്കുയർന്ന മത്സരത്തില്‍ രാജസ്ഥാന് 29 റണ്‍സിന്‍റെ വിജയം നേടിയിരുന്നു. മത്സരത്തില്‍ പരാഗ് വെറും 29 പന്തിൽ നിന്നാണ് അർധസെഞ്ച്വറി തികച്ചത്. രാജസ്ഥാൻ ഇന്നിംങ്സ് അവസാനിച്ചതും മൈതാനത്ത് ചില നാടകീയ രംഗങ്ങൾ അരങ്ങേറി.

ഇന്നിംങ്സ് അവസാനിച്ചതിന് ശേഷം പവലിയനിലേക്ക് മടങ്ങുകയായിരുന്ന റിയാന്‍ പരാഗും അവസാന ഓവർ എറിഞ്ഞ ഹർഷൽ പട്ടേലും തമ്മിൽ മൈതാനത്ത് ചൂടേറിയൊരു വാക്കേറ്റം നടന്നു. ഹർഷൽ എറിഞ്ഞ അവസാന ഓവറിൽ പരാഗ് രണ്ട് സികസും ഒരു ഫോറും പറത്തിയിരുന്നു. ഇതാണ് ഹർഷലിനെ ചൊടിപ്പിച്ചത് . 18 റൺസാണ് പരാഗ് അവസാന ഓവറിൽ മാത്രം അടിച്ചെടുത്തത്. പരാഗിനോട് തർക്കിക്കുന്ന പട്ടേലിനെ സഹതാരങ്ങൾ പിടിച്ചു മാറ്റുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. മത്സര ശേഷം രാജസ്ഥാൻ വിജയിച്ചപ്പോൾ ക്രീസിലുണ്ടായിരുന്ന ഹര്‍ഷല്‍ പട്ടേല്‍ റിയാഗിന് കൈകൊടുക്കാന്‍ വിസമ്മതിച്ചു. രാജസ്ഥാന്‍റെ മറ്റെല്ലാ താരങ്ങള്‍ക്കും കൈ കൊടുത്ത പട്ടേല്‍ റിയാഗിനടുത്തത്തിയപ്പോള്‍ കൈ കൊടുക്കാതെ മാറി നടക്കുകയായിരുന്നു.

ഈ സംഭവത്തെക്കുറിച്ചാണ് റിയാന്‍ പരാഗ് ഇപ്പോള്‍ മനസ്സു തുറന്നിരിക്കുന്നത്.

"കഴിഞ്ഞ വർഷം ബാംഗ്ലൂരിനെതിരെ നടന്ന ഒരു മത്സരത്തിൽ ഹർഷൽ എന്നെ വിക്കറ്റിന് മുന്നിൽ കുടുക്കി. ഔട്ടായി ഞാൻ പവലിയനിലേക്ക് മടങ്ങുമ്പോൾ ഹർഷൽ കൈ കൊണ്ട് ഒരു ആംഗ്യം കാണിച്ച് എന്നെ പരിഹസിച്ചു. ആ സമയത്ത് ഞാനത് ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഹോട്ടൽ മുറിയിൽ വന്ന് കളിയുടെ റീപ്ലേകൾ കണ്ടപ്പോൾ ഹർഷൽ ആംഗ്യം കാണിക്കുന്നത് എന്‍റെ ശ്രദ്ധയിൽ പെട്ടു. പിന്നീട് അതെന്‍റെ മനസ്സിൽ വലിയൊരു ഓർമയായി കിടന്നു. ഈ വർഷം അദ്ദേഹത്തെ ഞാൻ അവസാന ഓവറിൽ തുടരെ സിക്‌സർ പറത്തിയപ്പോൾ ഹർഷൽ അന്ന് കാണിച്ച അതേ ആഗ്യം ഞാൻ തിരിച്ചു കാണിച്ചു. വേറെയൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഇന്നിംഗ്‌സ് അവസാനിച്ചപ്പോൾ സിറാജ് ബായ് എന്നെ അടുത്തേക്ക് വിളിച്ച് പറഞ്ഞു. 'നീയൊരു കുട്ടിയാണ് കുട്ടിയെ പോലെയാണ് നീ പെരുമാറുന്നത്'. ഞാൻ അദ്ദേഹത്തോട് പറഞ്ഞു 'ഭയ്യാ ഞാൻ ഒന്നും പറഞ്ഞിട്ടില്ല'. പെട്ടെന്ന് മറ്റു താരങ്ങൾ ഞങ്ങൾക്കും ചുറ്റും കൂടി ആ പ്രശ്‌നം അവിടെ അവസാനിപ്പിച്ചു"- പരാഗ് പറഞ്ഞു.

Similar Posts