Cricket
അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ഗാംഗുലി; പുതിയ ദൗത്യം പ്രഖ്യാപിച്ചു
Cricket

അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ഗാംഗുലി; പുതിയ ദൗത്യം പ്രഖ്യാപിച്ചു

Web Desk
|
2 Jun 2022 12:38 PM GMT

ഗാംഗുലി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളിലടക്കം ഇന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു

ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയുടെ ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയി‍ല്‍ ഇന്ന് രാവിലെ മുതല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ക്രിക്കറ്റിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയെന്നും ജീവിതത്തിൽ താന്‍ പുതിയ ഒരു അധ്യായം തുറക്കാൻ ഒരുങ്ങുന്നതായുമാണ് ഗാംഗുലി ട്വീറ്റ് ചെയ്തത്. 1992 മുതൽ ക്രിക്കറ്റിനൊപ്പമുള്ള തന്‍റെ യാത്ര 2022 ഓടെ 30 വർഷം പൂർത്തിയാക്കിയിരിക്കുകയാണെന്നും ഇനി ജനങ്ങളെ സഹായിക്കാൻ വഴിയൊരുക്കുന്ന ചില കാര്യങ്ങൾ തുടങ്ങുകയാണെന്നുമാണ് ഗാംഗുലി ട്വീറ്റിൽ പറഞ്ഞത്.

ട്വീറ്റ് പുറത്തു വന്നതോടെ ഗാംഗുലി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്നതിന്‍റെ സൂചനകളാണ് ട്വീറ്റ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങി. ഗാംഗുലി രാജ്യസഭാ സ്ഥാനാര്‍ഥിയായേക്കും എന്നുവരെ പോയി വാര്‍ത്തകള്‍. അതിനിടെ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡൻറ് പദവി രാജിവെച്ചതായി വാർത്തകളുണ്ടായി. എന്നാൽ അദ്ദേഹം സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

ഒടുവില്‍ ഈ അഭ്യൂഹങ്ങള്‍ക്കൊക്കെ വിരാമം കുറിച്ചിരിക്കുകയാണിപ്പോള്‍ ഗാംഗുലി. താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്നും താന്‍ സ്വന്തമായി തുടങ്ങാനിരിക്കുന്ന ഒരു വിദ്യാഭ്യാസ ആപ്പിനെ കുറിച്ചായിരുന്നു ആ ട്വീറ്റ് എന്നുമാണ് ഗാംഗുലി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. താന്‍ ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചിട്ടില്ല എന്നും ഗാംഗുലി വ്യക്തമാക്കി.

"നേരത്തേ ഞാന്‍ പോസ്റ്റ് ചെയ്ത എന്‍റെ ട്വീറ്റിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ പലരും ഉന്നയിച്ചു കേട്ടു. ഇന്ത്യയെ ഉന്നതികളിലേക്ക് കൈ പിടിച്ചുയര്‍ത്തുന്ന ഒരു പറ്റം മനുഷ്യരെക്കുറിച്ച് ആലോചിക്കുകയാണ് ഞാനിപ്പോള്‍. ഐ.പി.എൽ നമുക്ക് നിരവധി മികച്ച താരങ്ങളെ സമ്മാനിച്ചു. പക്ഷേ എന്നെ പ്രചോദിപ്പിച്ചത് ഇതിന് പിറകിൽ പ്രവർത്തിക്കുന്ന പരിശീലകരുടെ അധ്വാനമാണ്. ക്രിക്കറ്റിൽ മാത്രമല്ല.. വിദ്യാഭ്യാസം, ഫുട്‌ബോൾ, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും ഇങ്ങനെ കുറേ ഹീറോകളുണ്ട്. അഭിനേതാക്കൾ, കായിക താരങ്ങൾ, സി.ഇ.ഒ മാർ തുടങ്ങി നിരവധി പേരെ നമ്മൾ ആഘോഷമാക്കിയിട്ടുണ്ട്.. എന്നാൽ ഇപ്പോള്‍ ഇതാ യഥാർഥ ഹീറോകളെ ആഘോഷിക്കാൻ സമയമായിരിക്കുന്നു. ലോകമെമ്പാടുമുള്ള പരീശീലകർ, അധ്യാപകർ , എഡുക്കേറ്റർമാർ തുടങ്ങിയവർക്കായി ഞാൻ ഒരു പുതിയ സംരഭം തുടങ്ങുകയാണ് "- ഗാംഗുലി കുറിച്ചു.

Sourav Ganguly ends mystery over cryptic tweets, shares his new initiative with fans

Related Tags :
Similar Posts