റൺറേറ്റിൽ കുതിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യയെ പിന്നിലാക്കി ഒന്നാമത്
|നിലവിൽ ഏഴ് മത്സരങ്ങളിൽ ആറും ജയിച്ച് 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.
മുംബൈ: ന്യൂസിലാൻഡിനെതിരായ 190 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയതോടെ പോയിന്റിലും റൺറേറ്റിലും കുതിച്ച് ദക്ഷിണാഫ്രിക്ക. നിലവിൽ ഏഴ് മത്സരങ്ങളിൽ ആറും ജയിച്ച് 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.
+2.290 ആണ് പ്രോട്ടീസിന്റെ റൺറേറ്റ്. ഇതോടെ ഇന്ത്യ രണ്ടാം സ്ഥാനത്ത് ആയി. കളിച്ച ആറിലും ജയിച്ചെങ്കിലും റൺറേറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് പിന്നിലാണ്. +1.405 ആണ് ഇന്ത്യയുടെ റൺറേറ്റ്. ഇന്ത്യക്കിന്ന് ശ്രീലങ്കയ്‌ക്കെതിരെ മത്സരം ഉണ്ട്. ഇതിൽ ജയിച്ചാൽ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തും.
ഈ ലോകകപ്പിൽ ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ നാലാം സെഞ്ച്വറിയാണ് ന്യൂസിലാൻഡിനെതിരെ കുറിച്ചത്. ഇതോടെ ഒരു ലോകകപ്പ് എഡിഷനിൽ മാത്രം 500 റൺസിലേറെ നേടുന്ന ബാറ്ററെന്ന റെക്കോർഡ് കോക്കിന്റെ പേരിലായി. ദക്ഷിണാഫ്രിക്കയിലാരും ഒരു ലോകകപ്പ് എഡിഷനിൽ 500 റൺസിലേറെ നേടിയിട്ടില്ല. മാത്രമല്ല ഒരു ലോകകപ്പ് എഡിഷനിൽ നാല് സെഞ്ച്വറികൾ നേടി എന്ന കുമാർ സംഗക്കാരയുടെ റെക്കോർഡിനൊപ്പം എത്താനും ഡികോക്കിനായി.
2015 ലോകകപ്പിലായിരുന്നു കുമാർ സംഗക്കാര നാല് സെഞ്ച്വറികൾ അടിച്ചെടുത്തത്. അഞ്ച് സെഞ്ച്വറികൾ നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയാണ് ഈ റെക്കോർഡ് അലങ്കരിക്കുന്നത്. നിലവിലെ ഫോം പരിഗിണിക്കുകയാണങ്കിൽ ഡി കോക്കിന് മറികടക്കാനാവുമെന്നാണ് കണക്കാക്കുന്നത്.
ന്യൂസിലാൻഡിനെതിര 357 എന്ന വമ്പൻ സ്‌കോറാണ് ദക്ഷിണാഫ്രിക്ക പടുത്തുയർത്തിയത്. എന്നാൽ മറുപടി ബാറ്റിങിൽ ന്യൂസിലാൻഡ് അടപടലം വീഴുകയായിരുന്നു. ഇതോടെ 190 റൺസിന്റെ വമ്പൻ ജയമാണ് ദക്ഷിണാഫ്രിയുടെ പേരിലായത്.