ഏകദിന പരമ്പരയും നഷ്ടം; നാണംകെട്ട് ഇന്ത്യ
|വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 12 പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു
ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 11 പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും ജാനേമാൻ മലാനും ചേർന്ന് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 132 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഡി കോക്കായിരുന്നു കൂടുതൽ അപകടകാരി. ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട ഡി കോക്ക് ട്വന്റി 20 ശൈലിയിലാണ് ബാറ്റ് വീശിയത്. താരം അർധസെഞ്ചുറി നേടുകയും ചെയ്തു. പിന്നാലെ മലാനും അർധശതകം നേടി.
ഒടുവിൽ തകർത്തടിച്ച ഡി കോക്കിനെ ശാർദൂൽ ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കി. 66 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 78 റൺസെടുത്ത ശേഷമാണ് ഡി കോക്ക് ക്രീസ് വിട്ടത്. ഡി കോക്കിന് പകരം നായകൻ തെംബ ബാവുമയാണ് ക്രീസിലെത്തിയത്. രണ്ടാം വിക്കറ്റിൽ ബാവുമയും ജാനേമാനും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സ്‌കോർ 212 ൽ എത്തി നിൽക്കെ ജാനേമാൻ പുറത്തായി. സ്‌കോർ ബോർഡിൽ രണ്ട് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബവുമ പുറത്തായതോടെ ഇന്ത്യ തിരിച്ചു വരുമെന്ന പ്രതീക്ഷ നൽകിയെങ്കിലും പിന്നീടെത്തിയ മാർക്രമും വാൻ ഡെർ ഡൂസനും ദക്ഷിണാഫ്രിക്കയെ അനായാസ ജയത്തിലെത്തിക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ശിഖർ ധവാനും കെ.എൽ.രാഹുലും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 63 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 38 പന്തുകളിൽ നിന്ന് 29 റൺസെടുത്ത ധവാനെ മടക്കി മാർക്രം ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. ധവാന് പകരം ക്രീസിലെത്തിയ വിരാട് കോലി പെട്ടെന്ന് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. റൺസെടുക്കും മുൻപ് കോലിയെ തെംബ ബാവുമയുടെ കൈയ്യിലെത്തിച്ച് കേശവ് മഹാരാജ് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. കോലിയ്ക്ക് പകരം ഋഷഭ് പന്ത് ക്രീസിലെത്തിയതോടെ രാഹുലും പന്തും ചേർന്ന് ടീം സ്‌കോർ 150 കടത്തി. 27 ഓവറിലാണ് ടീം സ്‌കോർ 150 കടന്നത്. പിന്നാലെ ഋഷഭ് പന്ത് അർധസെഞ്ചുറി നേടി. 43 പന്തുകളിൽ നിന്നാണ് താരം അർധശതകം പൂർത്തിയാക്കിയത്. പന്ത് ആക്രമിച്ച് കളിച്ചപ്പോൾ രാഹുൽ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. വൈകാതെ രാഹുലും അർധസെഞ്ചുറി നേടി.
71 പന്തുകളിൽ നിന്നാണ് രാഹുൽ അർധശതകം കുറിച്ചത്. എന്നാൽ, രാഹുലിനെ പുറത്താക്കി സിസാൻഡ മലാഗ ഈ കൂട്ടുകെട്ട് പൊളിച്ചു. 79 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളുടെ സഹായത്തോടെ 55 റൺസെടുത്ത രാഹുലിനെ മഗാല വാൻ ഡ്യൂസന്റെ കൈയ്യിലെത്തിച്ചു. രാഹുലിന് പിന്നാലെ പന്തും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 71 പന്തുകളിൽ നിന്ന് പത്ത് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 85 റൺസെടുത്ത പന്തിനെ തബ്‌റൈസ് ഷംസി എയ്ഡൻ മാർക്രത്തിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ശ്രേയസ്സ് അയ്യരും വെങ്കടേഷ് അയ്യരും നിരാശപ്പെടുത്തി. 11 റൺസ് മാത്രമെടുത്ത ശ്രേയസിനെ ഷംസി വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ 22 റൺസെടുത്ത വെങ്കടേഷ് അയ്യരെ ഫെലുക്വായോയുടെ പന്തിൽ മിന്നൽ സ്റ്റംപിങ്ങിലൂടെ ഡി കോക്ക് പുറത്താക്കി. ഇതോടെ ഇന്ത്യ 239 ന് ആറ് എന്ന സ്‌കോറിലേക്ക് വീണു. എന്നാൽ പിന്നീട് ക്രീസിലെത്തിയ ശാർദൂൽ ഠാക്കൂറും രവിചന്ദ്ര അശ്വിനും കരുതലോടെ ബാറ്റേന്തിയപ്പോൾ ഇന്ത്യയുടെ സ്‌കോർ 287 ലെത്തി.