'ഒന്ന് അടങ്ങൂ', നവീനെ ലക്ഷ്യമിട്ട് കാണികൾ, ഇടപെട്ട് വിരാട് കോഹ്ലി
|മത്സരത്തിൽ വിരാട് കോഹ്ലി അർദ്ധ സെഞ്ച്വറി നേടിയിരുന്നുവെങ്കിലും നവീനുൽ ഹഖുമായുള്ള 'തർക്കം' മാണ് കാണികളെ ആവേശത്തിലാഴ്ത്തിയത്.
ന്യൂഡൽഹി: ലോകകപ്പിൽ ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലെ മത്സരത്തിൽ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നത് ഇന്ത്യയുടെ വിരാട് കോഹ്ലിയും അഫ്ഗാനിസ്താന്റെ പേസ് ബൗളർ നവീനുൽ ഹഖും. മത്സരത്തിൽ വിരാട് കോഹ്ലി അർദ്ധ സെഞ്ച്വറി നേടിയിരുന്നുവെങ്കിലും നവീനുൽ ഹഖുമായുള്ള 'തർക്കം' മാണ് കാണികളെ ആവേശത്തിലാഴ്ത്തിയത്. കഴിഞ്ഞ ഐ.പി.എല്ലിൽ തുടങ്ങിയ പോർവിളിയാണ് കാണികളുടെ ഓർമകളിലേക്ക് എത്തിയത്.
നവീനുൽ ഹഖും വിരാട് കോഹ്ലിയും തമ്മിൽ മുഖാമുഖം വരുമ്പോഴെല്ലാം കാണികൾ ആർപ്പുവിളിച്ചു. നവീനുൽ ഹഖിനെ കാണികൾ ദേഷ്യം പിടിപ്പിക്കുന്നതും പരിഹസിക്കുന്നതും കേൾക്കാമായിരുന്നു. എന്നാൽ പരിഹാസം നർത്തണമെന്ന് കോഹ്ലി സ്റ്റേഡിയത്തിലേക്ക് നോക്കി പറയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അതേസമയം മത്സര ശേഷം ഇരുവരും കൈകൊടുത്ത് പിരിഞ്ഞു.
പരസ്പരം ആശ്ലേഷിച്ചാണ് ഇരുവരും പിരിഞ്ഞത്. ഐ.സി.സി ഇതിന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജിയന്റ്സിന്റെ ഭാഗമാണ് നവീനുൽ ഹഖ്. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സും ലക്നൗവും തമ്മിലെ മത്സരത്തിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള വാക് പോര് ആരംഭിക്കുന്നത്. ലക്നൗ മെന്ററായിരുന്ന ഗൗതം ഗംഭീർ കൂടി വിഷയത്തിൽ ഇടപെട്ടതോടെ പോരിന് ഒന്നുകൂടി വീര്യംകൂടി. ഐ.പി.എല്ലിന് പിന്നാലെ സമൂഹമാധ്യങ്ങളിലേക്കും ഈ പോര് എത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കോഹ്ലിയെ കുത്തി നവീനുൽ ഹഖ് രംഗത്ത് എത്തിയിരുന്നു.
അതിന് ശേഷം ഇതാദ്യമായാണ് അഫ്ഗാനിസ്താനും ഇന്ത്യയും തമ്മിൽ മത്സരിക്കുന്നത്. മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അഫ്ഗാനിസ്താൻ ഉയർത്തിയ 273 എന്ന വിജയലക്ഷ്യം ഇന്ത്യ വെറും രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 35 ഓവറിൽ മറികടന്നു. കോഹ്ലി 55 റൺസുമായി പുറത്താകാതെ നിന്നു. അഞ്ച് ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാൻ നവീനുൽ ഹഖിനായില്ല.
Virat Kohli asking the Delhi crowd to stop mocking Naveen Ul Haq.pic.twitter.com/Dq482rPsFU
— Mufaddal Vohra (@mufaddal_vohra) October 11, 2023
Summary-Virat Kohli asks Delhi crowd to stop mocking Naveen-Ul-Haq