അടിയെന്ന് പറഞ്ഞാൽ എജ്ജാതി അടി; ഇത് ഹൈദരാബാദി സ്റ്റൈൽ
|ഒരു മര്യാദ വേണ്ടേ ഇതിനൊക്കെ..
ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മത്സരം കാണുന്നവർക്കെല്ലാം ഇങ്ങനെ ചോദിക്കാൻ തോന്നിയിരിക്കും. അടിയെന്ന് പറഞ്ഞാൽ പോര. ബൗളർമാരെ നിലം തൊടിക്കാതെയുള്ള അടിയോടടി. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്നുള്ള വെടിക്കെട്ട് ഓപ്പണിങാണ് പൂരത്തിന് കൊടിയുയർത്തുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലുമെല്ലാം ഓസ്ട്രേലിയക്കായി തീതുപ്പിയ ഹെഡ് തന്റെ ക്യാപ്റ്റൻ കമ്മിൻസിനായി അതേ ഫോം ഹൈദരാബാദിലും തുടരുന്നു. പങ്കാളിയായ അഭിഷേക് ശർമ എല്ലാവരെയും ഞെട്ടിക്കുന്ന പെർഫോമൻസാണ് നടത്തുന്നത്. മാലപ്പടക്കം പോലെ നിർത്താതെ പൊട്ടിക്കുന്ന ഇരുവരുടെയും ബാറ്റിങ്ങിൽ തന്നെ എതിരാളികൾ തളർന്നിട്ടുണ്ടാകും.
പിന്നാലെ കൊടിയേറ്റമാണ്. ഹെൻറിക് ക്ലാസന് തന്റെ മസിൽ പവർ കാണിക്കാനുള്ള നേരമാണത്. വിറച്ചുനിൽക്കുന്ന ബൗളർമാരെ എടുത്തിട്ടടിച്ച് പടുകൂറ്റൻ സിക്സറുകളുമായി ക്ലാസൻ കൊട്ടിക്കയറും. ബാക്കിയുള്ള കുറച്ചുപന്തുകളിൽ അബ്ദുൽ സമദ് കൂടി ആഞ്ഞടിക്കുന്നതോടെ ടീം സ്കോർ പുതിയ റെക്കോർഡിൽ. എയ്ഡൻ മാർക്രം ടീമിൽ ഒരു ആങ്കർ റോളാണ് ചെയ്തുവരുന്നത്. ശേഷിക്കുന്ന ഷഹബാസ് അഹ്മദ്, നിതീഷ് റെഡ്ഡി എന്നിവരും കിട്ടിയ അവസരങ്ങളിൽ കൈക്കരുത്ത് കാണിക്കുന്നു. ക്ലാസൻ 26ഉം അഭിശേക് 24ഉം ഹെഡ് 18ഉം സിക്സറുകൾ ഇതിനോടകം തന്നെ പറത്തിക്കഴിഞ്ഞു.
ആകെക്കൂടി ഒരു ഇടിവെട്ട് ടീം എന്നുപറയാം.
ഡൽഹി ക്യാപിറ്റൽസിനെതിരായ അരുൺ ജയ്റ്റലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടീം സ്കോർ 300ഉം കടക്കുമെന്ന നിലയിലായിരുന്നു തുടക്കം. ക്ലാസൻ പെട്ടെന്ന് പുറത്തായില്ലായിരുന്നുവെങ്കിൽ ഈസിയായി ആ സ്കോറിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഹെഡും അഭിഷേകും ചേർന്ന് പവർേപ്ലയിൽ മാത്രം അടിച്ചെടുത്തത് 125 റൺസാണ്. പുരുഷ ട്വന്റി 20യിൽ പവർേപ്ലയിൽ ഇത്രയുമധികം സ്കോർ ഇതാദ്യം. ഡർഹാമിനെതിരെ നോട്ടിങ്ഹാം ഷെയർ കുറിച്ച് 106 റൺസായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. പവർേപ്ലയിൽ മാത്രം 24 ബൗണ്ടറികൾ നേടിയ ടീം ഇക്കാര്യത്തിലും ലോക റെക്കോർഡാണ് കുറിച്ചത്.
2008 മുതലുള്ള ഐ.പി.എൽ സീസണുകളിലായി 250ന് മുകളിൽ സ്കോർ പിറന്നത് ആകെ രണ്ടുതവണ മാത്രമായിരുന്നു. എന്നാൽ ഇക്കുറി കഥമാറി. ടൂർണമെന്റ് പാതി പിന്നിപ്പോഴേക്കും അഞ്ചുതവണ ടീം സ്കോർ 250 കടന്നു. അതിൽ തന്നെ മൂന്നും ഹൈദരാബാദിന്റെ സംഭാവനയാണ്. 2013ൽ പുനെ വാരിയേഴ്സിനെതിരെ ക്രിസ് ഗെയ്ൽ താണ്ഡവമാടിയപ്പോൾ ആർ.സി.ബി കുറിച്ച 263 റൺസായിരുന്നു ഒരുപതിറ്റാണ്ടിലേറെക്കാലം ഐ.പി.എല്ലിലെ റെക്കോർഡ്. ആ റെക്കോർഡ് തകർക്കുന്നത് ഏറെക്കുറെ അസാധ്യമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ മുംബൈ ഇന്ത്യൻസിനെതിരെ മാർച്ച് 27ന് നടന്ന മത്സരത്തിൽ ഹൈദരബാദ് അത് തകർത്തെറിഞ്ഞു. ഏപ്രിൽ 15ന് ആർ.സി.ബിക്കെതിരെ ഒരുപടികൂടി കടന്ന് 287 റൺസ് കുറിച്ച് സ്വന്തം റെക്കോർഡ് തിരുത്തിയെഴുതി. ഏഴ് മത്സരങ്ങൾ കളിച്ചതിൽ നാലുതവണയും ഹൈദരാബാദിന്റെ സ്കോർ 200 പിന്നിട്ടിരുന്നു.
പൊതുവേ സൺറൈസേഴ്സ് ഹൈദരാബാദ് ഐ.പി.എല്ലിൽ മികച്ച ബൗളർമാരുള്ള ബൗളിങ് പവർഹൗസായാണ് കരുതപ്പെട്ടുപോന്നിരുന്നത്. പാറ്റ് കമ്മിൻസും ഭുവനേശ്വർ കുമാറും നടരാജനുമെല്ലാം ചേർന്ന ബൗളിങ് ഡിപ്പാർട്മെന്റ് ഇക്കുറിയും സ്ട്രോങ്ങാണ്. പക്ഷേ നന്നായി തല്ലുവാങ്ങുന്നുമുണ്ട്. മുംബൈ 246ഉം ആർ.സി.ബി 262ഉം കെ.കെ.ആർ 208ഉം റൺസാണ് ഹൈദരാബാദിനെതിരെ കുറിച്ചത്. അതുകൊണ്ടുതന്നെ ഈ ബാറ്റിങ് ടീമിനെ വെച്ച് മാത്രം കപ്പ് നേടാനാകുമോ എന്ന് കണ്ടറിയണം.