അടുത്ത ഐപിഎല്ലിന് ഹൈദരാബാദിനൊപ്പം സ്റ്റെയിൻ ഇല്ല; ഇടവേള ആവശ്യപ്പെട്ട് താരം
|പുതുമുഖ പേസറിൽ നിന്ന് ഒരു അന്താരാഷ്ട്ര ബൗളറായി ഉമ്രാൻ മാലിക്കിനെ വളർത്തിയെടുക്കുന്നതിൽ സ്റ്റെയിന്‍ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ ഡെയ്ൽ സ്റ്റെയ്ൻ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ(എസ്.ആര്‍.എച്ച്) കോച്ചിങ് ടീമിന്റെ ഭാഗമാകില്ല. ഈ വർഷത്തെ ഐ.പി.എൽ ചുമതലകളിൽ നിന്ന് താരം ടീം മാനേജ്മെന്റിനോട് ഇടവേള ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം അടുത്ത സീസണില്‍ താരം ടീമിനൊപ്പം ചേരും.
93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ടി20കളും കളിച്ചിട്ടുള്ള 40 കാരനായ പേസർ എസ്.ആര്‍.എച്ചിനൊരു മുതല്‍ക്കൂട്ടായിരുന്നു. അതേസമയം എസ്.ആര്‍.എച്ച് പുതിയ ബൗളിംഗ് കോച്ചിനായുള്ള തിരച്ചിൽ ആരംഭിച്ചു.
ടീമിനായി ഒരു പുതിയ ബൗളിംഗ് കോച്ചിനെ നിയമിക്കുന്നതിനുള്ള ചുമതല ഇപ്പോൾ പരിശീലകനായ ഡാനിയൽ വെട്ടോറിയുടെതായി. അദ്ദേഹം അനുയോജ്യനായ പകരക്കാരനെ അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കളിക്കാരനെന്ന നിലയിലും സ്റ്റെയിന്‍ ടീമിന്റെ ഭാഗമായിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം അല്‍പ്പം ഭാഗമായിരുന്നുവെങ്കിലും, 2022 ൽ അദ്ദേഹം ഹൈദരാബാദിലേക്ക് മടങ്ങിയെത്തി. ഒരു പുതുമുഖ പേസറിൽ നിന്ന് ഒരു അന്താരാഷ്ട്ര ബൗളറായി ഉമ്രാൻ മാലിക്കിനെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൽ (ബിസിസിഐ) നിന്ന് അടുത്തിടെ ഉമ്രാൻ ഫാസ്റ്റ് ബൗളർ കരാർ നേടിയെടുത്തിരുന്നു.
അതേസമയം, വരാനിരിക്കുന്ന സീസണിലെ പുതിയ നായകനായി പാറ്റ് കമ്മിൻസിനെ ഫ്രാഞ്ചൈസി പ്രഖ്യാപിക്കുമെന്നാണ് വിവരം. ദുബായിൽ നടന്ന ലേലത്തിൽ 20.5 കോടി രൂപയ്ക്കാണ് ഓസീസ് ക്യാപ്റ്റനെ എസ്.ആര്‍.എച്ച് സ്വന്തമാക്കിയത്.