![ipl ipl](https://www.mediaoneonline.com/h-upload/2024/05/02/1421917-untitled-7.webp)
കൈവിട്ടെന്ന് കരുതിയ മത്സരം എറിഞ്ഞുപിടിച്ച് ഹൈദരാബാദ്
![](/images/authorplaceholder.jpg?type=1&v=2)
ഹൈദരാബാദ്: അവസാന പന്തുവരെ നീണ്ട ആവേശപ്പോരിൽ രാജസ്ഥാൻ റോയൽസിനെ ഒരു റണ്ണിന് വീഴ്ത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയർത്തിയ 201 റൺസ് പിന്തുടർന്നിറങ്ങിയ രാജസ്ഥാന് അവസാന പന്തിൽ വിജയത്തിനായി രണ്ട് റൺസ് വേണ്ടിയിരിക്കേ റോവ്മാൻ പവൽ ഭുവനേശ്വർ കുമാറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഹൈദരാബാദിനായി ഭുവനേശ്വർ മൂന്നും പാറ്റ് കമ്മിൻസ്, ടി. നടരാജൻ എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. 10 മത്സരങ്ങളിൽ 16 പോയന്റുമായി രാജസ്ഥാൻ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 12 പോയന്റുമായി നാലാമതുള്ള ഹൈദരാബാദ് േപ്ല ഓഫ് സാധ്യതകൾ സജീവമാക്കി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദിന് നിതീഷ് റെഡ്ഡിയുടെയും 42 പന്തിൽ 76, ഹെന്റിച്ച് ക്ളാസന്റെയും 19 പന്തിൽ 42, ട്രാവിസ് ഹെഡ് 44 പന്തിൽ 58 ബാറ്റിങ് പ്രകടനമാണ് തുണയായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ജോസ് ബട്ലറെയും സഞ്ജു സാംസണെയും ഭുവനേശ്വർ കുമാർ പൂജ്യത്തിന് മടക്കി. തുടർന്ന് റിയാൻ പരാഗ് (49 പന്തിൽ 77), യശസ്വി ജയ്സ്വാൾ (40 പന്തിൽ 67) എന്നിവർ രാജസ്ഥാനെ മുന്നോട്ടുനയിക്കുകയായിരുന്നു.
വിജയമുറപ്പിച്ച് മുന്നേറവേ ഷിംറോൺ ഹിറ്റ്മെയർ (13), ധ്രുവ് ജുറേൽ (1) എന്നിവർ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. തുടർന്ന് 15 പന്തിൽ 27 റൺസെടുത്ത പവൽ പ്രതീക്ഷകൾ ഉയർത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറിൽ 14 റൺസ് വേണ്ട രാജസ്ഥാന്റെ പോരാട്ടം ഒരു റൺസകലെ അവസാനിക്കുകയായിരുന്നു.