അക്സര്‍ ഷോ പാഴായി; ഇന്ത്യക്ക് തോല്‍വി
|ഇന്ത്യയുടെ തോല്‍വി 16 റണ്‍സിന്
പൂനേ: അവസാന ഓവര്‍ വരെ ആവേശം അലയടിച്ച രണ്ടാം ടി 20 മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തോല്‍വി. 16 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ശ്രീലങ്ക ഉയര്‍ത്തിയ 206 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 190 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ച്വറികളുമായി അക്സര്‍ പട്ടേലും സൂര്യകുമാര്‍ യാദവും ഇന്ത്യക്കായി കളംനിറഞ്ഞു കളിച്ചെങ്കിലും ഇരുവര്‍ക്കും ടീമിനെ വിജയതീരമണക്കാന്‍ ആയില്ല.
ഒരു ഘട്ടത്തില്‍ 57 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ സൂര്യയും അക്സറും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനാണ് മികച്ച സ്കോറിലെത്തിച്ചത്. അക്സര്‍ വെറും 31 പന്തില്‍ 65 റണ്‍സെടുത്തപ്പോള്‍ സൂര്യ 51 റണ്‍സെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന് 91 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓരോ ജയങ്ങളുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.
നേരത്തേ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 206 റണ്‍സെടുത്തു. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞ കുശാല്‍ മെന്‍ഡിസിന്‍റേയും ക്യാപ്റ്റന്‍ ദസൂന്‍ ശനകയുടേയും മികവിലാണ് ശ്രീലങ്ക കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ തകര്‍ച്ചയുടെ വക്കിലായിരുന്ന ശ്രീലങ്കയെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദസൂന്‍ ശനകയാണ് മികച്ച സ്കോറിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഇന്ത്യക്കായി ഉംറാന്‍ മാലിക് മൂന്നും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
ഓപ്പണര്‍മാരായ നിസങ്കയും മെന്‍ഡിസും ചേര്‍ന്ന് ശ്രീലങ്കക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിന്‍റെ 80 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പിന്നീട് ക്രീസിലെത്തിയ ബനൂക രാജപക്സേ പെട്ടെന്ന് പുറത്തായെങ്കിലും 19 പന്തില്‍ 37 റണ്‍സുമായി ചരിത് അസലങ്ക മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. പിന്നീടായിരുന്നു ശനകയുടെ ക്യാപ്റ്റന്‍ ഇന്നിങ്സ്.
അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബോളര്‍മാരെ ശനക തലങ്ങും വിലങ്ങും പ്രഹരിച്ചു. വെറും 22 പന്തില്‍ ആറ് സിക്സുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയിലാണ് ശ്രീലങ്കന്‍ നായകന്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.