Cricket
ആരാധകരും കൈവിടുന്നു: ശ്രീലങ്കയുടെ മത്സരങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് ആരാധകര്‍
Cricket

ആരാധകരും കൈവിടുന്നു: ശ്രീലങ്കയുടെ മത്സരങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് ആരാധകര്‍

Web Desk
|
28 Jun 2021 5:25 AM GMT

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും കൈവിട്ടതോടെ ശ്രീലങ്കൻ ക്രിക്കറ്റിൽ കടുത്ത പ്രതിസന്ധി. നേരത്തെ ടീമിലും ക്യാമ്പിലുമുണ്ടായിരുന്ന പ്രതിസന്ധി ആരാധകർക്കിടയിലേക്കും എത്തിയിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും കൈവിട്ടതോടെ ശ്രീലങ്കൻ ക്രിക്കറ്റിൽ കടുത്ത പ്രതിസന്ധി. നേരത്തെ ടീമിലും ക്യാമ്പിലുമുണ്ടായിരുന്ന പ്രതിസന്ധി ആരാധകർക്കിടയിലേക്കും എത്തിയിരിക്കുകയാണ്. ശ്രീലങ്കൻ ക്രിക്കറ്റിന്റെ കളികൾ ബഹിഷ്‌കരിക്കുമെന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 3-0ത്തിനായിരുന്നു ലങ്കയുടെ തോൽവി.

ക്രിക്കറ്റിന്റെ ഷോട്ട് ഫോർമാറ്റിൽ ലങ്കയുടെ തുടർച്ചയായ അഞ്ചാം പരമ്പര തോൽവിയായിരുന്നു ഇത്. ഇതോടെയാണ് ആരാധകർ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ തിരിഞ്ഞത്. ശ്രീലങ്കൻ ഉപനായകൻ കുശാൽ മെൻഡിസ്, ഓപ്പണർ ധനുഷ്‌ക ഗുണതിലക എന്നിവരുടെ ഫേസ്ബുക്ക് പേജുകൾ നിരവധി ശ്രീലങ്കൻ ആരാധകരാണ് ബഹിഷ്‌കരിച്ചിരിക്കുന്നത്. ശ്രീലങ്കൻ കളിക്കാരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ബഹിഷ്‌കരിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.

ടെലിവിഷനിലൂടെ കളി കാണരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. ഈ തോറ്റ കളിക്കാരെ ബഹിഷ്‌കരിക്കൂ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അതേസമയം മുതിർന്ന കളിക്കാരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇംഗ്ലണ്ടിലേത് മൂന്ന് പതിറ്റാണ്ടിനിടെയുള്ള ദയനീയ പ്രകടനം എന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പങ്കുവെക്കുന്നത്.


'1993ൽ ശ്രീലങ്കൻ ക്രിക്കറ്റിനെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്, ഇത്രയും ദയനീയമായൊരു അവസ്ഥയിൽ ലങ്കൻ ക്രിക്കറ്റിനെ കണ്ടില്ലെന്നായിരുന്നു' പ്രമുഖ കായിക റിപ്പോർട്ടർ മഞ്ജുള ബസനായകയുടെ ട്വീറ്റ്. 2018ന് ശേഷം 10 ടി20 പരമ്പരകളാണ് ശ്രീലങ്ക കളിച്ചത്. ഇതിൽ ഒന്നിൽ മാത്രമാണ് ലങ്കയ്ക്ക് ജയിക്കാനായത്. ഇംഗ്ലണ്ടിനും ന്യൂസിലാൻഡിനും എതിരെ രണ്ട് പ്രാവശ്യവും വെസ്റ്റ്ഇൻഡീസ്, ന്യൂസിലാൻഡ്, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവർക്കെതിരെ ഒരോ പരമ്പരയും തോറ്റിരുന്നു.

Similar Posts