രാജ്കോട്ടിൽ സൂര്യതാണ്ഡവം; ശ്രീലങ്കയ്ക്കെതിരായ നിർണായക ടി20യിൽ കൂറ്റൻ സ്കോറുമായി ഇന്ത്യ
|സൂര്യകുമാർ യാദവിന്റെ സഞ്ച്വുറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തിയത്
ഇന്ത്യ- ശ്രീലങ്ക നിർണായക ടി20യിൽ മികച്ച സ്കോറുമായി ഇന്ത്യ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് നേടിയത്. സൂര്യകുമാർ യാദവിന്റെ അതിഗംഭീര പ്രകടനത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തിയത്. ലങ്കൻ ബൗളർമാരെ കണക്കിന് പ്രഹരിച്ച സ്കൈ 112 റൺസ് ടീമിന് സംഭാവന ചെയ്തത്.
ജയിച്ച് പരമ്പര നേടണമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ നിര ബാറ്റ് വീശിത്തുടങ്ങിയത്. എന്നാൽ ദിൽഷൻ മദുഷങ്കയുടെ ബോളിൽ ദനഞ്ചയക്ക് ക്യാച്ച് നൽകി ഒരു റൺസിന് ഇഷാൻ കിഷൻ മടങ്ങി. എന്നാൽ ഷുബ്മൻ ഗില്ലും രാഹുൽ ത്രിപാഠിയും ടി20 ബാറ്റിങ് എന്താണെന്ന് ലങ്കൻ ബൗളർമാരെ പഠിപ്പിച്ചു. ഗിൽ പതുക്കെ നീങ്ങിയപ്പോൾ ത്രപാഠി കൊടുങ്കാറ്റായി. പതിനാറ് ബോളിൽ 35 റൺസ് എടുത്ത് നിൽക്കെ ദിൽഷൻ വീണ്ടുമെത്തി ഗില്ലിനെ പുറത്താക്കി. പക്ഷേ ലങ്കൻ നിരയുടെ ഹൃദയമിടിപ്പ് കൂടിയത് അവിടം മുതലായിരുന്നു. സൂര്യകുമാർ യാദവ് കളം നിറഞ്ഞു. പന്ത് ബൗണ്ടറി കടത്തിക്കൊണ്ടേയിരുന്നു. കൂട്ടിന് ഗില്ലും ചേർന്നു. കളി 15 ഓവർ പിന്നിട്ടപ്പോൾ തന്നെ ഇന്ത്യയുടെ സ്കോർ 170 കടന്നിരുന്നു.
46 റൺസിന് ഗിൽ കളം വിട്ടതോടെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ക്രീസിലെത്തി, രണ്ട് ബോൾ നേരിട്ട് നാല് റൺസ് നേടി മടങ്ങാനായിരുന്നു ഹർദികിന്റെ വിധി. പിന്നലെ എത്തിയ ദീപക് ഹൂഡയും നിരാശ നൽകി അവിടെയും വില്ലനായത് ദിൽഷൻ മദുഷങ്കെയായിരുന്നു. വാലറ്റത്ത് സൂര്യയും അക്സറും അടിച്ച് പറപ്പിച്ചു. ഇന്ത്യയുടെ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228
ശ്രീലങ്കയ്ക്കായി ദിൽഷൻ മദുഷങ്ക രണ്ട് വിക്കറ്റും കസുൻ രജിത, ചാമിക കരുണരത്ന, വനിന്ദു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.