ഏഷ്യ കപ്പ് കലാശപ്പോര് ഇന്ന്; ശ്രീലങ്കയും പാകിസ്താനും നേര്ക്കുനേര്
|ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് കൊടിയിറക്കം
ശ്രീലങ്കയും പാകിസ്താനും ഇന്ന് ഏഷ്യാകപ്പ് കലാശപ്പോരിന് ഇറങ്ങും. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് കൊടിയിറക്കം.
ഇന്ത്യ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോങ്കോങ് ടീമുകളെ മറികടന്നാണ് ലങ്കയും പാകിസ്താനും ഫൈനലിൽ ഇടംപിടിച്ചത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പാകിസ്താനെ ശ്രീലങ്ക അഞ്ച് വിക്കറ്റിന് തോൽപിച്ചിരുന്നു. കലാശ പോരാട്ടത്തിൽ തീപാറുമെന്ന കാര്യം ഉറപ്പ്. ടൂർണമെന്റിൽ ഏറ്റവുമധികം ഞെട്ടിച്ചത് ലങ്കയാണ്. 11ൽ 9 മത്സരത്തിലും തോറ്റാണ് ടൂർണമെന്റിന്റെ സംഘാടകരായ ലങ്കൻ ടീം ദുബൈയിലെത്തിയത്. പ്രധാന കളിക്കാർക്കേറ്റ പരിക്കുമൂലം അവസാന നിമിഷമാണ് യുവതാരങ്ങളെ ഉൾപ്പെടുത്തി ടീം പ്രഖ്യാപിച്ചത്.
ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ അഫ്ഗാനെ നേരിട്ട ശ്രീലങ്ക 105 റൺസിന് പുറത്തായി. എന്നാൽ ബംഗ്ലാദേശിനെതിരെ അവസാന ഓവറിലെ വിജയത്തിലൂടെ ലങ്ക സൂപ്പർ ഫോറിൽ കയറിക്കൂടി. ഇന്ത്യയെയും പാകിസ്താനെയും അഫ്ഗാനിസ്താനെയും തോൽപിച്ചാണ് ലങ്കൻ കുതിപ്പ്.
പാകിസ്താനെ സംബന്ധിച്ചിടത്തോളം നായകൻ ബാബർ അസം ഇനിയും ഫോമിലേക്കെത്തിയിട്ടില്ല. അതേസമയം മുഹമ്മദ് റിസ്വാൻ മികച്ച ഫോമിലാണ്. ഐ.സി.സിടി-20 റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്ന താരങ്ങളാണ് റിസ്വാനും അസമും. ഫഖർ സമാനും ഖുഷ്ദിൽ ഷായും ഷദാബ് ഖാനും ആസിഫ് അലിയും തരക്കേടില്ലാത്ത പ്രകടനം നടത്തുന്നുണ്ട്. ദുബൈയിലെ മൈതാനത്ത് ടോസ് നിർണായകമാണ്. ഇതുവരെയുള്ള 12 മത്സരത്തിൽ ഒമ്പതിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.