സ്റ്റാർ പേസർ നാട്ടിലേക്ക് മടങ്ങും; ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി
|പരിക്ക് കാരണം താരത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമായിരുന്നു. മികച്ച ഫോമിലുള്ള താരത്തിന്റെ അഭാവം ടീമിന് തിരിച്ചടിയായിരുന്നു.
ലക്‌നൗ: ഐ.പി.എല്ലിൽ ലക്‌നൗ സൂപ്പർജയന്റ്‌സിന് കനത്ത തിരിച്ചടിയായി ഇംഗ്ലീഷ് പേസർ മാർക്ക് വുഡിന്റെ അഭാവം. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് താരം നാട്ടിലേക്ക് മടങ്ങുന്നതിനാൽ അവസാനഘട്ടത്തിലെ എതാനും മത്സരങ്ങൾ താരത്തിന് നഷ്ടമാകും.
മെയ് അവസാനമാണ് മാർക്ക് വുഡും പത്‌നി സാറയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം പ്രതീക്ഷിക്കുന്നത്. ഭാര്യയോടൊപ്പം ചിലവഴിക്കേണ്ടതിനാൽ താരം അവധി ചോദിച്ചെന്നാണ് റിപ്പോർട്ടുകൾ. പരിക്ക് കാരണം താരത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമായിരുന്നു. മികച്ച ഫോമിലുള്ള താരത്തിന്റെ അഭാവം ടീമിന് തിരിച്ചടിയായിരുന്നു.
സീസണില്‍ കളിച്ച നാല് മത്സരങ്ങളില്‍ 11 വിക്കറ്റ് വുഡ് വീഴ്‌ത്തിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 14 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. മത്സരങ്ങള്‍ നഷ്‌ടമായിട്ടും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ആറാമതുണ്ട് വുഡ്. ടീം അവസാന നാലില്‍ എത്തിയാലും ഐ.പി.എല്‍ ക്വാളിഫയറിലും ഫൈനലിലും താരം കളിക്കാനും സാധ്യത കുറവാണ്. മേയ് 23 നും 26നുമാണ് ക്വാളിഫയര്‍ നടക്കുന്നത്. മേയ് 28നാണ് ഫൈനല്‍.
വുഡിന്റെ അഭാവത്തിൽ അഫ്ഗാനിസ്ഥാൻ പേസർ നവീൻ-ഉൾ-ഹഖ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നിരുന്നാലും വുഡിന്റെ വേഗവും കൃത്യതയും ലക്‌നൗവിന് നഷ്ടമാകും. അതേസമയം പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ജയവും മൂന്ന് തോൽവിയുമായി എട്ട് പോയിന്റാണ് ലക്‌നൗവിന്റെ അക്കൗണ്ടിലുള്ളത്. അത്രയും മത്സരങ്ങളും ജയവും തോൽവിയുമായി രാജസ്ഥാൻ റോയൽസ് രണ്ടാമതുണ്ട്. മികച്ച റൺറേറ്റാണ് രാജസ്ഥാന് തുണയായത്. പത്ത് പോയിന്റുള്ള ചെന്നൈ സൂപ്പർകിങ്‌സാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. പത്ത് പോയിന്റാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്.