'ഉറപ്പാണ്, അദ്ദേഹം ടീമിലുണ്ടാകും'; കോഹ്‌ലി ടി20 ലോകകപ്പിനുണ്ടാകില്ലെന്ന വാർത്തകളോട് പ്രതികരിച്ച് ബ്രോഡ്
|റിപ്പോര്‍ട്ടുകള്‍ സത്യമാകാനിടയില്ലെന്ന് തുറന്നു പറയുകയാണ് ഇംഗ്ലീഷ് പേസ് ഇതിഹസമായ സ്റ്റുവര്‍ട്ട് ബ്രോഡ്
ലണ്ടന്‍: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലിക്ക് ഇടമുണ്ടാകില്ലെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഇംഗ്ലണ്ട് പേസ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡ്.
റിപ്പോര്‍ട്ടുകള്‍ സത്യമാകാനിടയില്ലെന്ന് തുറന്നു പറയുകയാണ് ഇംഗ്ലീഷ് പേസ് ഇതിഹസമായ സ്റ്റുവര്‍ട്ട് ബ്രോഡ്. ഒരു ആരാധകന്‍റെ കാഴ്ചപ്പാടില്‍ പറയുകയാണെങ്കില്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചക്കായി അമേരിക്കയിലാണ് ഐസിസി ഇത്തവണ ലോകകപ്പ് നടത്തുന്നത്. ന്യൂയോര്‍ക്കിലാണ് ഇന്ത്യ-പാകിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടം നടക്കുന്നത്. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന താരമാണ് വിരാട് കോഹ്‌ലി. അതുകൊണ്ടുതന്നെ അദ്ദേഹം ലോകകപ്പ് ടീമിലെത്തുമെന്ന് എനിക്കുറപ്പാണെന്നും ബ്രോഡ് എക്സ് പോസ്റ്റില്‍ പറഞ്ഞു.
ഈ വർഷം വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സീനിയർ താരം വിരാട് കോഹ്‌ലിയെ പരിഗണിച്ചേക്കില്ലെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വെസ്റ്റിൻഡീസിലെ വേഗത കുറഞ്ഞ വിക്കറ്റുകൾ കോഹ്‌ലിയുടെ ശൈലിക്ക് യോജിച്ചതല്ലെന്നും അതിനാൽ താരത്തെ സ്ക്വാഡിലേക്ക് പരിഗണിക്കേണ്ടെന്ന് സെലക്ടർമാർ തീരുമാനിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
2022ലെ ലോകകപ്പിനുശേഷം ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ കളിക്കാത്ത കോഹ്‌ലിയെ ഈ വര്‍ഷം ആദ്യം അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയാലും കോഹ്‌ലിയുടെ ബാറ്റിങ് പൊസിഷന്‍ ടീം സന്തുലനത്തെ തകിടം മറിക്കുമെന്നതും സെലക്ടര്‍മാരെ അലട്ടുന്നുണ്ട്.