Cricket
Cheteshwar Pujara- INDvs Ausചേതേശ്വര്‍ പുജാര
Cricket

ഭാഗ്യവാൻ പുജാര; ഇങ്ങനെയൊരു നേട്ടം അപൂർവം

Web Desk
|
19 Feb 2023 11:26 AM GMT

മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ പുജാര, രണ്ടാം ഇന്നിങ്സില്‍ താളം കണ്ടെത്തിയിരുന്നു.

ന്യൂഡൽഹി: 100ാം ടെസ്റ്റിൽ അപൂർവ നേട്ടവുമായി ഇന്ത്യയുടെ ചേതേശ്വർ പുജാര.100-ാം ടെസ്റ്റില്‍ വിജയറണ്‍ നേടുക എന്ന അപൂര്‍വ നേട്ടമാണ് പുജാരയുടെ പേരിലായത്. ആസ്‌ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗ് മാത്രമാണ് ഇതിന് മുമ്പ് 100-ാം ടെസ്റ്റില്‍ വിജയറണ്‍ നേടിയിട്ടുള്ളൂ. പുജാരയുടെ വിജയറണ്‍ നേട്ടം ആസ്ട്രേലിയക്കെതിരെ ആയി എന്നത് മറ്റൊരു കൗതുകവുമായി.

2006ല്‍ ആയിരുന്നു പോണ്ടിങിന്റെ 100ാം ടെസ്റ്റിലെ വിജയ റണ്‍. ജൊഹാന്‍ ബോത്തയായിരുന്നു അന്ന് പന്ത് എറിഞ്ഞിരുന്നത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ പുജാര, രണ്ടാം ഇന്നിങ്സില്‍ താളം കണ്ടെത്തിയിരുന്നു. 74 പന്തില്‍ 31* റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. രണ്ടാം ഇന്നിംഗ്‌സില്‍ 27-ാം ഓവറിലെ നാലാം പന്തില്‍ ടോഡ് മര്‍ഫിയെ ബൗണ്ടറി നേടിയാണ് പൂജാര ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ ജയം സമ്മാനിച്ചത്.

അതേസമയം മത്സരം തുടങ്ങും മുമ്പ് ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ പുജാരയെ ആദരിച്ചിരുന്നു. 100 ടെസ്റ്റ് കളിക്കുന്ന 13-ാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും പുജാര സ്വന്തമാക്കിയിരുന്നു. 99 ടെസ്റ്റുകളില്‍ 44.15 ശരാശരിയോടെ പുജാര 7021 റണ്‍സ് നേടിയിട്ടുണ്ട്. 19 സെഞ്ചുറികളും 34 അര്‍ധസെഞ്ചുറികളും സ്വന്തമാക്കി. 206* ആണ് ഉയര്‍ന്ന സ്‌കോര്‍. 100-ാം ടെസ്റ്റ് കളിക്കുന്നതിന്റെ ബഹുമാനാര്‍ഥം ടീം പ്രത്യേക തൊപ്പിയും താരത്തിന് സമ്മാനിച്ചു. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌ക്കറാണ് ഈ തൊപ്പി താരത്തിന് നല്‍കിയത്.

കളിയില്‍ ആസ്‌ട്രേലിയക്കെതിരേ ഫീല്‍ഡിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ ടീം രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ പുജാരയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ആസ്ട്രേലിയ ഉയർത്തിയ 115 റൺസ് വിജയലക്ഷ്യത്തിൽ 26.4 നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ രോഹിത് ശർമ (20 പന്തിൽ 31), ചേതേശ്വർ പൂജാര (74 പന്തിൽ 31) എന്നിവർ തിളങ്ങി. ജയത്തോടെ പരമ്പരയിൽ 2–0ന് ഇന്ത്യ മുന്നിലെത്തി.

Similar Posts