Cricket
ഓപ്പണറുടെ റോളിൽ ജയ്‌സ്വാൾ, ഗിൽ മൂന്നാം സ്ഥാനത്ത്: സുനിൽ ഗവാസ്‌കറിന്റെ ടീം ഇങ്ങനെ...
Cricket

ഓപ്പണറുടെ റോളിൽ ജയ്‌സ്വാൾ, ഗിൽ മൂന്നാം സ്ഥാനത്ത്: സുനിൽ ഗവാസ്‌കറിന്റെ ടീം ഇങ്ങനെ...

Web Desk
|
24 Dec 2023 1:23 PM GMT

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സെഞ്ചൂറിയനിൽ തിങ്കളാഴ്ച ആരംഭിക്കും

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് കടക്കുകയാണ് ടീം ഇന്ത്യ. നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്.

ഏകദിന ലോകകപ്പിന് പിന്നാലെ വന്ന ഏകദിന-ടി20 മത്സരങ്ങളുമെല്ലാം വിജയിച്ച ഇന്ത്യക്ക് ഇനി ടെസ്റ്റ് വെല്ലുവിളിയാണ്. നിലവിലെ ഫോമിൽ ടെസ്റ്റിലും ഇന്ത്യക്ക് കാര്യമായ ഭീഷണികളുയർത്താൻ ദക്ഷിണാഫ്രിക്കയ്ക്കാവില്ല. ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്കയിലൊരു ടെസ്റ്റ് പരമ്പര നേടാനൊരുങ്ങുകയാണ് രോഹിതും സംഘവും. ലോകകകപ്പിന് ശേഷം മുതിർന്ന താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.

കൂട്ടിന് ജസ്പ്രീത് ബുംറയും. ഇപ്പോഴിതാ ആദ്യ മത്സരത്തിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന് പറയുകയാണ് മുൻതാരം സുനിൽ ഗവാസ്‌കർ. ഇതിൽ ഏറ്റവും ശ്രദ്ധേയം ശുഭ്മാൻ ഗില്ലിന് പകരം യശസ്വി ജയ്‌സ്വാൾ രോഹിതിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യണം എന്നാണ്. കോഹ്ലിയുടെ സ്ഥിരം സ്ഥാനമായ മൂന്നിലേക്ക് ഗില്ലും കോഹ്ലി നാലാം സ്ഥാനത്തും ഇറങ്ങണമെന്നാണ് സുനിൽ ഗവാസ്‌കർ പറയുന്നത്.

ലോകേഷ് രാഹുൽ ശ്രേയസ് അയ്യർ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. വിക്കറ്റ് കീപ്പറുടെ റോളിൽ രാഹുൽ വരണമെന്നും ഗവാസ്‌കർ അഭിപ്രായപ്പെടുന്നു. ഇരുവരും മികച്ച ബാറ്ററായതിനാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് അഞ്ച്, ആറ് പൊസിഷനുകളിൽ ഇവരെ ഉപയോഗപ്പെടുത്താമെന്നും ഗവാസ്‌കർ അഭിപ്രായപ്പെടുന്നു. ബൗളിങിൽ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും വേണം. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരും അടങ്ങുന്നതാണ് ഗവാസ്‌കറിന്റെ ഇലവൻ. മൂന്നാം പേസറായി മുകേഷ് കുമാറിനെ ഉൾപ്പെടുത്തണമെന്നും ഗവാസ്‌കർ അഭിപ്രായപ്പെടുന്നു.

സുനില്‍ ഗവാസ്കറിന്റെ ടീം ഇങ്ങനെ: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Summary-Sunil Gavaskar Picks India XI For 1st Test Against South Africa

Similar Posts