ഇങ്ങനെയെങ്കില്‍ ഉംറാനെ നേരിടുക പ്രയാസം, ഇന്ത്യക്ക് വേണ്ടി കളിക്കും: സുനിൽ ഗവാസ്‌കർ
|ആദ്യ മത്സരങ്ങളിലെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
മുംബൈ: ഐ.പി.എല്ലിൽ തകർപ്പൻ ഫോം തുടരുകയാണ് ഹൈദരാബാദിന്റെ പേസർ ഉംറാൻ മാലിക്. സ്ഥിരമായി 150 കിലോമീറ്റർ വേഗതയിൽ എത്തുന്ന ഉംറാന്റെ പന്തുകൾ ബാറ്റർമാർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകളാണ് ഉംറാൻ വീഴ്ത്തിയത്. അതിൽ അവസാന ഓവറിൽ മാത്രം പിഴുതത് മൂന്ന് വിക്കറ്റുകളും. അതോടെ ഉംറാനെ സമൂഹമാധ്യമങ്ങൾ ഒരിക്കല്‍കൂടി തരംഗമായി.
ഇപ്പോഴിതാ ഉംറാനിൽ പ്രതീക്ഷ പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. ഇന്ത്യക്ക് വേണ്ടി കളിക്കാൻ പോകുകയാണ് ഉംറാനെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു. വിക്കറ്റ് ടു വിക്കറ്റിൽ പന്തെറിയുകയാണെങ്കിൽ ഉംറാനെ നേരിടുക പ്രയാസമാണെന്നും സുനിൽ ഗവാസ്‌കർ പറഞ്ഞു. ഉംറാൻ മാലികിന്റെ വേഗത ശ്രദ്ധേയമാണ്. എന്നാൽ വേഗതയേക്കാൾ അദ്ദേഹത്തിന്റെ കൃത്യതയാണ് മതിപ്പുളവാക്കുന്നത്-ഗവാസ്കര്‍ വ്യക്തമാക്കി.
നേരത്തെ ഉംറാനെ പുകഴ്ത്തി ശശി തരൂര്‍ എം.പിയും രംഗത്ത് എത്തിയിരുന്നു. ഉംറാൻ ബുംറയ്‌ക്കൊപ്പം പന്തെറിയണം അങ്ങനെ വന്നാല്‍ ഇംഗ്ലീഷുകാരുടെ മുട്ടുവിറയ്ക്കുമെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ' എത്രയും പെട്ടെന്ന് അവൻ ഇന്ത്യൻ കുപ്പായത്തിൽ വരണം. എന്തൊരു അസാമാന്യ പ്രതിഭയാണിത്. കത്തിത്തീരും മുൻപ് അദ്ദേഹത്തിന് കരുത്ത് നൽകണം. ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരത്തിനായി അദ്ദേഹത്തെ കൊണ്ടുപോകൂ. അവനും ബുംറയും ചേർന്ന് പന്തെറിഞ്ഞാൽ അത് ഇംഗ്ലീഷുകാരെ വിറപ്പിക്കും''- ഇങ്ങനെയായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
അതേസമയം ആദ്യ മത്സരങ്ങളിലെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യ രണ്ട് മത്സരത്തിലും അടിത്തറയില്ലാതെ തോറ്റതിന് ശേഷം തുടര്‍ന്നുള്ള നാല് മത്സരത്തിലും വന്‍ വിജയമായിരുന്നു ടീം സ്വന്തമാക്കിയത്. തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ ഏഴോ അതിലധികമോ വിക്കറ്റുകള്‍ക്ക് ജയിക്കുന്ന ടീം എന്ന റെക്കോഡും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ മത്സരത്തോടെ സ്വന്തമാക്കിയിരുന്നു.
Summary- Sunil Gavaskar's Prediction For Young SRH Pacer