രഹാനെയെയും പൂജാരയെയും മാത്രം പഴിപറയുന്നവര്‍ റിഷഭ് പന്തിനെ കാണാതെ പോകരുത്: സുനില്‍ ഗവാസ്കര്‍
|ഇന്ത്യ ഓസ്ട്രേലിയ സീരീസ് മുതല്‍ ഫോമില്ലായ്മ തുടരുന്ന പന്ത് ഇന്നും സംപൂജ്യനായി മടങ്ങിയിരുന്നു
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്ററും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. ജൊഹന്നസ്ബര്‍ഗില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് പന്ത് മാത്രം നേരിട്ട പന്ത് പൂജ്യനായി മടങ്ങിയിരുന്നു. റബാഡയുടെ പന്തിൽ ഷോട്ടിന് ശ്രമിക്കുന്നതിനിടെ വെറൈനക്ക് ക്യാച്ച് നൽകിയാണ് പന്ത് മടങ്ങിയത്. ബൈജൂസ് ക്രിക്കറ്റ് ലൈവിൽ ഗവാസ്കറിനോട് ഒരു ആരാധകൻ ഇതിനെക്കുറിച്ച് ചോദിച്ചത് ഇങ്ങനെയാണ്.
"എല്ലാവരും പുജാരയുടേയും രഹാനെയുടേയും ഫോമില്ലായ്മയയെക്കുറിച്ച് സംസാരിക്കുമ്പോൾ എന്തുകൊണ്ടാണ് ഓസ്ട്രേലിയൻ സീരീസ് മുതൽ ഫോമില്ലായ്മ തുടരുന്ന റിഷഭ് പന്തിനെക്കുറിച്ച് ആരും ഒന്നും മിണ്ടാത്തത്" - ഗവാസ്കറിന്റെ മറുപടി ഇങ്ങനെ.
"ഇത് പ്രസക്തമായൊരു ചോദ്യമാണ്.രഹാനെയെയും പൂജാരയെും പോലെ ഫോമില്ലായ്മ തുടരുന്ന പന്തിനെ ആരും കാണാതെ പോകരുത്. 30 റണ്ണോ 40 റണ്ണോ എല്ലാ മത്സരങ്ങളിലും എടുത്തിരുന്നെങ്കിൽ പോലും നമുക്ക് അയാളെ കുറ്റം പറയാനാവുമായിരുന്നില്ല. പക്ഷെ അത് പോലും ചെയ്യാൻ അവന് ഓസ്ട്രേലിയൻ പരമ്പര മുതല്‍ കഴിഞ്ഞിട്ടില്ല. നിരന്തരം കൂറ്റനടികൾക്ക് ശ്രമിച്ച് അവന് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെയും സമാനമായ പ്രകടനമാണ് നമ്മള് കണ്ടത്. പക്വതയുള്ള ഒരു ബാറ്റർ ഇങ്ങനെയല്ല ബാറ്റ് ചെയ്യേണ്ടത്. രാഹുൽ ദ്രാവിഡ് പന്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തിയേ തീരൂ."- ഗവാസ്കര്‍ പറഞ്ഞു.