ഐപിഎലിന് മുൻപ് സൺറൈസേഴ്‌സ് ഹൈദരാബാദിൽ തലമാറ്റം; പാറ്റ് കമ്മിൻസ് പുതിയ ക്യാപ്റ്റൻ
|ഐപിഎലിൽ ഒരേയൊരു തവണയാണ് ടീം കിരീടം സ്വന്തമാക്കിയത്. 2016ൽ ഡേവിഡ് വാർണറിന് കീഴിലായിരുന്നു ഈ നേട്ടം.
ഹൈദരാബാദ്: ഈമാസം അവസാനം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ാം പതിപ്പിന് മുന്നോടിയായി നിർണായക മാറ്റവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രത്തിന് പകരം ആസ്‌ത്രേലിയൻ താരം പാറ്റ് കമ്മിൻസിനെ ക്യാപ്റ്റനായി നിയമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് മുൻ ചാമ്പ്യൻമാർ നായകമാറ്റം അറിയിച്ചത്. ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും കമ്മിൻസിന് കീഴിൽ ഓസീസ് കിരീടം നേടിയിരുന്നു. ഇത്തവണ ലേലത്തിൽ 20.50 കോടി രൂപയ്ക്കാണ് താരത്തെ സൺറൈസേഴ്‌സ് സ്വന്തമാക്കിയത്. അന്നു തന്നെ ക്യാപ്റ്റനാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഐപിഎലിൽ ഒരേയൊരു തവണയാണ് എസ്ആർഎച്ച് കിരീടം സ്വന്തമാക്കിയത്. 2016ൽ ഡേവിഡ് വാർണറിന് കീഴിലായിരുന്നു ഈ നേട്ടം. വാർണറിന് ശേഷം വീണ്ടുമൊരു ഓസീസ് താരം കൂടി ക്യാപ്റ്റൻ സ്ഥാനത്തെത്തുമ്പോൾ മറ്റൊരു നേട്ടമാണ് ഫ്രാഞ്ചൈസി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിൽ ഓറഞ്ച് ആർമിയുടെ പ്രകടനം മോശമായിരുന്നു. സ്ഥിരമായി പ്ലെ ഓഫിൽ ഇടംപിടിച്ചിരുന്ന ഹൈദരാബാദിന് കഴിഞ്ഞ രണ്ട് തവണയും അവസാന സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വിദേശതാരങ്ങളുടെ വലിയൊരു നിരതന്നെയാണ് ഇത്തവണ ടീമിനുള്ളത്. ട്രാവിസ് ഹെഡിന് പുറമെ എൻറിക് ക്ലാസൻ, ഗ്ലെൻ ഫിലിപ്‌സ്, ഹസരംഗ എന്നിവരെല്ലാം ബാറ്റിങ് കരുത്തായുണ്ട്.