Cricket
ഐ.പി.എല്‍ റണ്‍വേട്ടക്കാരില്‍ നാലാമന്‍; പക്ഷേ റെയ്നയെ വേണ്ട...!
Cricket

ഐ.പി.എല്‍ റണ്‍വേട്ടക്കാരില്‍ നാലാമന്‍; പക്ഷേ റെയ്നയെ വേണ്ട...!

Web Desk
|
14 Feb 2022 2:29 AM GMT

ഇത്തവണ ചെന്നൈ പോലും 35 കാരനായ താരത്തിനായി രംഗത്ത് വന്നില്ലെന്നത് ശ്രദ്ധേയമാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്തുള്ള താരം സുരേഷ് റെയ്നയെ ഇത്തവണ ആരു വാങ്ങിയില്ല. പല സീസണുകളിലും ചെന്നൈ സൂപ്പര്‍ കിങ്സിനായി റണ്‍സ് വാരിക്കൂട്ടി മിസ്റ്റര്‍ ഐ.പി.എല്‍ എന്ന വിളിപ്പേരുവരെ വന്ന താരത്തിനാണ് ഈ ദുര്‍ഗതി. ഐ.പി.എല്‍ മെഗാ താരലേലത്തില്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള റെയ്നക്കായി ആദ്യ ദിനം ഒരു ടീമുകളും രംഗത്ത് വന്നിരുന്നില്ല. രണ്ടാം ദിനം ആക്സിലറേഷൻ ലിസ്റ്റിലും ഒരു ടീമും താരത്തെ ഉൾപ്പെടുത്തിയില്ല.

ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ കിരീട നേട്ടങ്ങളിൽ പ്രധാന പങ്ക് വഹിച്ച താരം കൂടിയാണ് റെയ്ന. 205 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നു 5,528 റൺസ് ആണ് റെയ്ന ഐ.പി.എല്ലില്‍ നിന്ന് വാരിക്കൂട്ടിയത്. എന്നാല്‍ ഇത്തവണ ചെന്നൈ പോലും 35 കാരനായ താരത്തിനായി രംഗത്ത് വന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇത് ആദ്യമായാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ റെയ്ന അണ്‍സോള്‍ഡ് ആകുന്നത്. 2020 സീസണില്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റെയ്ന കളിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ സീസണില്‍ തിരിച്ചുവന്ന റെയ്നയെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമും കാരണം കസി.എസ്‌.കെ ചില മല്‍സരങ്ങളില്‍ പുറത്തിരുത്തിയിരുന്നു. 12 കളികളില്‍ നിന്ന് 17.77 ശരാശരിയിൽ 160 റൺസ് മാത്രമാണ് കഴിഞ്ഞ സീസണില്‍ താരം നേടിയത്.

2008ലെ ആദ്യ ഐ.പി.എല്‍ മുതല്‍ കളിക്കുന്ന താരമാണ് സുരേഷ് റെയ്‌ന. 2020ലെ ടൂര്‍ണമെന്‍റ് മാത്രമാണ് അദ്ദേഹത്തിനു നഷ്ടമായത്. യു.എ.ഇയില്‍ നടന്ന ടൂര്‍ണമെന്‍റില്‍ നിന്നും ചില വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു റെയ്‌ന പിന്‍മാറുകയായിരുന്നു. ഇടക്ക് ചെന്നൈ സൂപ്പര്‍കിങ്സിന് വിലക്ക് വന്നപ്പോള്‍ ഗുജറാത്ത് ലയണ്‍സിനായും റെയ്ന പാഡണിഞ്ഞിരുന്നു.

2018 ജൂലൈയിൽ ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിലാണ് റെയ്ന അവസാനമായി ഇന്ത്യന്‍ ജഴ്സി അണിഞ്ഞത്. 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് റെയ്ന അറിയിച്ചു. എം.എസ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 226 ഏകദിനങ്ങളിൽ നിന്ന് 5,615 റൺസും 78 ടി20യിൽ നിന്ന് 1605 റൺസും റെയ്‌ന നേടിയിട്ടുണ്ട്. ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന 12-ാമത്തെ ഇന്ത്യൻ അരങ്ങേറ്റക്കാരനായിരുന്നു അദ്ദേഹം. ടെസ്റ്റില്‍ 18 മത്സരങ്ങളില്‍ നിന്നായി 768 റണ്‍സും റെയ്ന നേടിയിട്ടുണ്ട്.




Similar Posts