'ഇനി ആഭ്യന്തരം': തിരിച്ചുവരവിന് പുജാരയും സൂര്യകുമാറും, ദുലീപ് ട്രോഫി ക്രിക്കറ്റിൽ വെസ്റ്റ്സോൺ ടീമിൽ
|വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയിരുന്നു. പകരം യശ്വസി ജയ്സ്വളിനെയും ഋതുരാജ് ഗെയിക് വാദിനെയുമാണ് ടീമിലെടുത്തത്.
മുംബൈ: ദുലീപ് ട്രോഫിക്കുള്ള വെസ്റ്റ് സോൺ ടീമിലേക്ക് ചേതേശ്വര്‍ പൂജാരയും സൂര്യകുമാര്‍ യാദവും. ജൂൺ 28ന് ബെംഗളൂരുവിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയിരുന്നു. പകരം യശ്വസി ജയ്സ്വളിനെയും ഋതുരാജ് ഗെയിക് വാദിനെയുമാണ് ടീമിലെടുത്തത്.
ഗുജറാത്ത് ഓപ്പണർ പ്രിയങ്ക് പഞ്ചാൽ വെസ്റ്റ് സോണിന്റെ ക്യാപ്റ്റനായി തുടരും, സർഫറാസ് ഖാനും പൃഥ്വി ഷായും ടീമിലുണ്ട്. ഈ മാസം ആദ്യം നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം പുജാരയെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. രണ്ട് ഇന്നിങ്സിലുമായി 14, 27 എന്നിങ്ങനെയായിരുന്നു പൂജാരയുടെ സമ്പാദ്യം.
പുജാരയെ തഴഞ്ഞത് ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതുസംബന്ധിച്ച 'പരാതികള്‍' ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. അതേസമയം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പുജാര. തന്റെ ജന്മനാടായ രാജ്കോട്ടിൽ പുതിയ സീസണിനായുള്ള പരിശീലനം പുജാര ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. ദുലീപ് ട്രോഫിക്ക് ശേഷം ചാമ്പ്യൻഷിപ്പിന്റെ ഡിവിഷൻ രണ്ടിൽ സസെക്സുമായുള്ള കൗണ്ടി മത്സരം പൂർത്തിയാക്കാൻ പൂജാര ഇംഗ്ലണ്ടിലേക്ക് മടങ്ങും.
ഏപ്രിലിൽ ഡർഹാമിനെതിരെ സെഞ്ച്വറി നേടിയായിരുന്നു പൂജാര തന്റെ കൗണ്ടി സീസൺ ആരംഭിച്ചിരുന്നത്. തുടർന്ന് ഗ്ലൗസെസ്റ്റർഷെയറിനെതിരെയും വോർസെസ്റ്റർഷെയറിനെതിരെയും സെഞ്ച്വറി നേടി. കളിച്ച ആറ് മത്സരങ്ങളിൽ സസെക്സ് ക്യാപ്റ്റനായിരുന്ന പുജാക അവിടെ 68.12 ശരാശരിയിൽ 545 റൺസും സ്വന്തമാക്കി. ഇംഗ്ലണ്ടിൽ തന്നെ നടക്കുന്ന 50 ഓവർ ആഭ്യന്തര മത്സരമായ റോയൽ ലണ്ടൻ കപ്പിലും അദ്ദേഹം പങ്കെടുക്കും.
🏏 ❤️ pic.twitter.com/TubsOu3Fah
— Cheteshwar Pujara (@cheteshwar1) June 24, 2023