Cricket
Suryakumar Yadav
Cricket

​വാംഖഡെയിൽ സൂര്യോദയം; മുംബൈക്ക് ഏഴുവിക്കറ്റ് ജയം

Sports Desk
|
6 May 2024 6:02 PM GMT

മുംബൈ: വാംഖഡെയിൽ സ്വതസിദ്ധമായ ശൈലിയിൽ സൂര്യകുമാർ യാദവ് നിറഞ്ഞാടിയതോടെ (51 പന്തിൽ 102) സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈക്ക് 7 വിക്കറ്റിന്റെ അനായാസ ജയം. ഹൈദരാബാദ് ഉയർത്തിയ 173 റൺസ് പിന്തുടർന്ന മുംബൈക്ക് 31 റൺസിനിടെ 3 വിക്കറ്റുകൾ നഷ്ടമായെങ്കിലും തിലക് വർമയെ കൂട്ടുപിടിച്ച് സൂര്യകുമാർ കത്തിജ്വലിക്കുകയായിരുന്നു. 12 ബൗണ്ടറികളും ആറു സിക്സറുകളുമാണ് ആ ബാറ്റിൽ നിന്നും പിറന്നത്. 32 പന്തിൽ 37 റൺസുമായി തിലക് വർമ സൂര്യകുമാറിനൊപ്പം ഉറച്ചുനിന്നു. 12 പോയന്റുമായി സൺറൈസേഴ്സ് നാലാംസ്ഥാനത്ത് തന്നെ തുടരുമ്പോൾ എട്ടുപോയന്റുമായി മുംബൈ ഒൻപതാംസ്ഥാനത്തേക്ക് കയറി.

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് ട്രാവിസ് ഹെഡ് (48), പാറ്റ് കമ്മിൻസ് (35) എന്നിവരുടെ കരുത്തിലാണ് പൊരുതാവുന്ന സ്കോറുയർത്തിയത്. 31 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത ഹാർദിക് പാണ്ഡ്യയും 33 റൺസിന് 3 വിക്കറ്റെടുത്ത പിയൂഷ് ചൗളയും മുംബൈക്കായി തിളങ്ങി. അഭിഷേക് ശർമ (11), നിതീഷ് റെഡ്ഡി (20), ഹെന്റിക് ക്ലാസൻ (2), മാർക്കോ ജാൻസൺ (17), അബ്ദുൾ സമദ് (3), ഷഹ്ബാദ് അഹ്മദ് (10) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.

മറുപടി ബാറ്റിങ്ങിൽ മുംബൈയു​ടെ തുടക്കം തകർച്ചയോടെയായിരുന്നു. ഇഷാൻ കിഷൻ 9 റൺസുമായും രോഹിത് ശർമ 4 റൺസുമായും നമൻ ധിർ റണ്ണൊന്നുമെടുക്കാതെയുമാണ് മടങ്ങിയത്. എന്നാൽ സൂര്യയും തിലകും ചേർന്നതോ​ടെ ഹൈദരാബാദിന് മത്സരത്തിലേക്ക് ഒരിക്കലും തിരിച്ചുവരാനായില്ല. 3 ഓവറിൽ 45 റൺസ് വഴങ്ങിയ മാർക്കോ ജാൻസണാണ് ഹൈദരാബാദ് ബൗളർമാരിൽ ഏറ്റവുമധികം തല്ലുവാങ്ങിയത്.

Similar Posts