Cricket
team india
Cricket

മൂന്ന് കൊല്ലത്തിനിടയിൽ ഇന്ത്യക്ക് ഒമ്പത് ടി20 ക്യാപ്റ്റന്മാർ!

Web Desk
|
22 Nov 2023 1:45 PM GMT

2021ൽ വിരാട് കോഹ്‌ലി ഒഴിഞ്ഞത് മുതൽ തുടങ്ങിയതാണ് ഈ മാറ്റം. അതിപ്പോൾ സൂര്യകുമാർ യാദവിൽ എത്തിനിൽക്കുന്നു.

മുംബൈ: ആസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചതോടെ മൂന്ന് വർഷത്തിനിടെ ഇന്ത്യക്ക് ഒമ്പത് ക്യാപ്റ്റന്മാർ. 2021ൽ വിരാട് കോഹ്‌ലി ഒഴിഞ്ഞത് മുതൽ തുടങ്ങിയതാണ് ഈ മാറ്റം. അതിപ്പോൾ സൂര്യകുമാർ യാദവിൽ എത്തിനിൽക്കുന്നു.

വിരാട് കോഹ്‌ലി , ശിഖർ ധവാൻ, രോഹിത് ശർമ്മ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ലോകേഷ് രാഹുൽ, ജസ്പ്രീത് ബുംറ, ഋതുരാജ് ഗെയിക്‌വാദ്, സൂര്യകുമാർ യാദവ് എന്നിങ്ങനെയാണ് ആ ഒമ്പത് നായകന്മാർ. 2021ലാണ് വിരാട് കോഹ്‌ലിയും ശിഖർ ധവാനും നായകന്മാരാകുന്നത്. പത്ത് മത്സരങ്ങളിൽ കോഹ്‌ലി ടീമിനെ നയിച്ചു. അതിൽ ആറ് മത്സരങ്ങൾ ജയിക്കുകയും നാലെണ്ണം തോൽക്കുകയും ചെയ്തു.

അതേവർഷം തന്നെയാണ് ശിഖർ ധവാൻ താത്കാലികമായി ക്യാപ്റ്റനാകുന്നത്. മൂന്ന് മത്സരങ്ങളിൽ ഒരെണ്ണം മാത്രമെ ജയിക്കാനായുള്ളൂ. പിന്നീടാണ് രോഹിത് ശർമ്മ സ്ഥിരം നായകനാകുന്നത്. ഒരു വർഷക്കാലം രോഹിത് നായകനായി. 32 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. അതിൽ 24 മത്സരം ജയിക്കാനായി. രോഹിത് ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയതോടെയാണ് റിഷബ് പന്തിനെവെച്ച് തത്ക്കാലം ഓടിച്ചത്.

പിന്നീട് ഹാർദിക് പാണ്ഡ്യ കുറച്ചധികം മത്സരങ്ങളിൽ ടീമിനെ നയിച്ചു. 16 മത്സരങ്ങളാണ് പാണ്ഡ്യക്ക് കീഴിൽ ഇന്ത്യ കളിച്ചത്. 10 മത്സരങ്ങൾ ജയിച്ചു. ഇടക്ക് രാഹുലും ക്യാപ്റ്റൻ സ്ഥാനത്ത് എത്തി. ജസ്പ്രീത് ബുംറയേയും ടി20 നായകസ്ഥാനത്ത് ഇരുത്തി. ഏറെ നാൾ പരിക്ക് അലട്ടിയിരുന്ന ബുംറയുടെ തിരിച്ചുവരവായിരുന്നു, നായകനായി. ലോകകപ്പിന് മുമ്പ് അയർലാൻഡിനെതിരായ പരമ്പരയിലായിരുന്നു ബുംറ നായകനായത്. ടി൨൦ ക്യാപ്റ്റനാകുന്ന ആദ്യ ബൗളറും ബുംറയായിരുന്നു.

പിന്നാലെ ഋതുരാജ് എത്തി. ഒമ്പതാമനായണ് സൂര്യകുമാറിന്റെ വരവ്. അടുത്ത വർഷമാണ് ടി20 ലോകകപ്പ്. സീനിയർ താരങ്ങളായ രോഹിത് ശർമ്മ ടീമിനെ നയിക്കാനുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാൽ ആരാകും ടീമിനെ നയിക്കുക എന്ന് ഇപ്പോഴും വ്യക്തമല്ല. ഹാർദിക് പാണ്ഡ്യയുടെ പേരാണ് സജീവമായി കേൾക്കുന്നത്. ലോകകപ്പിനിടെ പരിക്കേറ്റ പാണ്ഡ്യ ടീമിന് പുറത്തായിരുന്നു. ഇതാണ് സൂര്യകുമാറിന് അവസരം ലഭിക്കാൻ കാരണം. പാണ്ഡ്യ തിരിച്ചുവന്നാൽ അദ്ദേഹത്തെ തന്നെ പരിഗണിക്കാനാണ് സാധ്യത.

Summary-Suryakumar Yadav is set to be the ninth man to lead India in a T20I since the start of 2021

Similar Posts