സ്ലിപ്പിൽ ഏവരെയും ഞെട്ടിച്ചൊരു ക്യാച്ചുമായി സൂര്യകുമാർ യാദവ്
|120 പന്തുകളിൽ നിന്ന് 235 എന്ന ഹിമാലയൻ ടാസ്‌കിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡിന് 66 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ
അഹമ്മദാബാദ്: റെക്കോർഡ് ജയമാണ് ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യ സ്വന്തമാക്കിയത്. 120 പന്തുകളിൽ നിന്ന് 235 എന്ന ഹിമാലയൻ ടാസ്‌കിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡിന് 66 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യൻ ബൗളർമാരുടെ മിടുക്കും ഫീൽഡിങിലെ തകർപ്പൻ പ്രകടനവുമൊക്കെയാണ് കിവികളുടെ ചിറകൊടിച്ചത്. അതിൽ എടുത്തുപറയേണ്ടതായിരുന്നു സൂര്യകുമാർ യാദവിന്റെ പ്രകടനം.
ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലായിരുന്നു സൂര്യകുമാറിന്റെ മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ച്. സ്ലിപ്പിൽ വെച്ചായിരുന്നു സൂര്യകുമാർ പന്ത് ചാടിപ്പിടിച്ചത്. ഫിൻ അലനാണ് പുറത്തായത്. പാണ്ഡ്യയുടെ പന്തിനെ അടിച്ചകറ്റാൻ നോക്കിയപ്പോൾ പോയത് സ്ലിപ്പിന് മുകളിലൂടെ പുറകിലോട്ട്. എന്നാൽ ഉയർന്ന് ചാടിയ സൂര്യ, പന്ത് മനോഹരമായി കൈപ്പിടിയിലാക്കുകയായിരുന്നു.
മനോഹരം എന്നാണ് എല്ലാവരും ക്യാച്ചിനെ വിശേഷിപ്പിക്കുന്നത്. ബി.സി.സി.ഐയും വീഡിയോ പങ്കുവെച്ചു. ഇതിന് പുറമെ രണ്ട് ക്യാച്ചുകൾ കൂടി സൂര്യകുമാർ എടുത്തിരുന്നു. അതേസമയം ബാറ്റിങിൽ 13 പന്തിന്റെ ആയുസെ സൂര്യക്കുണ്ടായിരുന്നുള്ളൂ. രണ്ട് സിക്‌സറും ഒരു ഫോറും ഉൾപ്പെടെ 24 റൺസ് നേടി. സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യക്ക് വന്‍ സ്കോര്‍ നേടിക്കൊടുത്തത്.
ICYMI - WHAT. A. CATCH 🔥🔥#TeamIndia vice-captain @surya_14kumar takes a stunner to get Finn Allen 👏#INDvNZ | @mastercardindia pic.twitter.com/WvKQK8V67b
— BCCI (@BCCI) February 1, 2023