Cricket
തകർത്തടിച്ച് സഞ്ജുവും സച്ചിൻ ബേബിയും: മധ്യപ്രദേശിനെ വീഴ്ത്തി കേരളം പ്രീക്വാർട്ടറിൽ
Cricket

തകർത്തടിച്ച് സഞ്ജുവും സച്ചിൻ ബേബിയും: മധ്യപ്രദേശിനെ വീഴ്ത്തി കേരളം പ്രീക്വാർട്ടറിൽ

Web Desk
|
9 Nov 2021 12:13 PM GMT

സയിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലെ നിർണായക മത്സരത്തിൽ കരുത്തരായ മധ്യപ്രദേശിനെ വീഴ്ത്തി കേരളം പ്രീക്വാർട്ടറിൽ കടന്നു.

സയിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലെ നിർണായക മത്സരത്തിൽ കരുത്തരായ മധ്യപ്രദേശിനെ വീഴ്ത്തി കേരളം പ്രീക്വാർട്ടറിൽ കടന്നു. മധ്യപ്രദേശ് ഉയർത്തിയ 172 എന്ന വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ശേഷിക്കെ കേരളം മറികടക്കുകയായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) സൂപ്പർ താരോദയങ്ങളായ ആവേശ് ഖാൻ, വെങ്കിടേഷ് അയ്യർ തുടങ്ങിയവർ മധ്യപ്രദേശ് നിരയിലുണ്ടായിരുന്നു.

നിർണായക മത്സരത്തിൽ മധ്യപ്രദേശിനെ നേരിടാനിറങ്ങുമ്പോൾ കേരളത്തിന് ജയം മാത്രം പോരായിരുന്നു. പോയിന്റ് നിലയിൽ തുല്യമാകുമെന്നതിനാൽ ഉയർന്ന റൺറേറ്റും വേണമായിരുന്നു. അതാണ് സഞ്ജുവും നായകൻ സച്ചിൻ ബേബിയും കൂടി അടിച്ചെടുത്തത്. ഇരുവരേയും പുറത്താക്കാനായില്ല. ടോസ് നേടിയ കേരളം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഉയർന്ന റൺറേറ്റോടെയുള്ള ജയം മാത്രമായിരുന്നു മനസിൽ. എന്നാൽ കേരള ബൗളർമാരെ മധ്യപ്രദേശ് പലവട്ടം അതിർത്തി കടത്തി.

77 റൺസ് നേടിയ രജ്ത് പാട്ടീദാറായിരുന്നു ടേപ് സ്‌കോറർ. 49 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സറുകളും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പാട്ടീദാറിന്റെ ഇന്നിങ്‌സ്. കുൽദീപ് ഗേഹി(31)പാർത്ഥ് സാാഹ്നി(32) എന്നിവർ പിന്തുണകൊടുത്തു. കേരളത്തിനായി സജീവൻ അഖിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിൽ കേരളം അടിച്ച് തന്നെയാണ് തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ തന്നെ 58 റൺസ് വന്നു. രോഹൻ കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനുമായിരുന്നു ബാറ്റർമാർ. രോഹൻ 29 റൺസ് നേടി. അസ്ഹർ 21ഉം.

രോഹനെ നഷ്ടമായതിന് പിന്നാലെ ടീം സ്‌കോർ 68ൽ നിൽക്കെ അസ്ഹറും വീണു. ഇതോടെ കേരളം പരുങ്ങി. എന്നാൽ നായകൻ സഞ്ജുവും മുൻ നായകൻ സച്ചിൻ ബേബിയും കൂടി കടിഞ്ഞാണ്‍ ഏറ്റെടുക്കുകയായിരുന്നു. ഇരുവരും അർധ സെഞ്ച്വറി നേടി. 27 പന്തുകളിൽ നിന്നായിരുന്നു (മൂന്ന് സിക്‌സർ, നാല് ബൗണ്ടറി) സച്ചിൻ ബേബി 51 റൺസ് നേടിയത്. 33 പന്തുകളിൽ നിന്നായിരുന്നു സഞ്ജുവിന്റെ 56. മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളുമായിരുന്നു സഞ്ജുവും നേടിയത്.

എലൈറ്റ് ഗ്രൂപ്പ് ഡിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് തോൽവിയുമായാണ് കേരളത്തിന്റെ പ്രീക്വാർട്ടർ പ്രവേശം. ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. മധ്യപ്രദേശിനും കേരളത്തിനും 12 പോയിന്റ് വീതമാണ്. എന്നാൽ ഉയർന്ന റൺറേറ്റ് കേരളത്തിന് ഗുണമായി.

Similar Posts