അഫ്ഗാനിസ്താനെതിരായ ടി20 പരമ്പര: സഞ്ജുവിന് ഇടം ലഭിക്കുമോ?
|നിലവിലെ ഫോമും ടി20 ടീമിലേക്ക് പരിഗണിക്കാനിരിക്കുന്ന താരങ്ങളുടെ പരിക്കുമാണ് സഞ്ജുവിന് അനുകൂലമാകുന്നത്
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ, സെഞ്ച്വറിയടിച്ച് ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. തന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയായിരുന്നു പാളിൽ പിറന്നത്. അതിന് ശേഷം ഇന്ത്യൻ ടീം, ടെസ്റ്റ് പരമ്പരയിലേക്ക് കടന്നു. സഞ്ജുവിന്റെ ബാറ്റിങിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ഇന്ത്യക്കിനി ജനുവരിയിൽ അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയാണ് ആദ്യം കളിക്കാനുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മാച്ച്, ജനുവരി പതിനൊന്നിന് പഞ്ചാബിലാണ്. ഈ പരമ്പരക്കുള്ള ടീമിനെ സെലക്ടർമാർ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഇന്ത്യയുടെ ടി20 പ്ലാനിൽ നിന്ന് സഞ്ജു പുറത്താണോ അകത്താണോ എന്നുറപ്പില്ല. എന്നിരുന്നാലും അഫ്ഗാനിസ്താനെതിരെ സഞ്ജുവിന് അവസരം ലഭിക്കാനാണ് സാധ്യത.
നിലവിലെ ഫോമും ടി20 ടീമിലേക്ക് പരിഗണിക്കാനിരിക്കുന്ന താരങ്ങളുടെ പരിക്കുമാണ് സഞ്ജുവിന് അനുകൂലമാകുന്നത്. അവസരം ലഭിക്കുകയും അത് മുതലെടുക്കുകയും ചെയ്താൽ ഈ വർഷത്തെ ടി20 ലോകകപ്പിനും സഞ്ജുവിനെ പരിഗണിക്കേണ്ടിവരും. ഇതിനിടയക്ക് ഐ.പി.എൽ എന്നൊരു കടമ്പ കൂടിയുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഫോം എളുപ്പത്തിൽ തള്ളിക്കളയാനാവില്ല.
ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ നയിച്ച സൂര്യകുമാർ യാദവ്, ഓപ്പണർ ഋതുരാജ് ഗെയിക് വാദ് എന്നിവർ പരിക്കിന്റെ പിടിയിലാണ്. ഇരുവർക്കും അഫ്ഗാനിസ്താനെതിരായ പരമ്പര നഷ്ടമാകും. ഹാർദിക് പാണ്ഡ്യ ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ല. മാത്രമല്ല അഫ്ഗാനിസ്താൻ ചെറിയ ടീമായതിനാൽ പല മുതിർന്ന താരങ്ങൾക്കും വിശ്രമം ലഭിച്ചേക്കും. ഇതൊക്കെയാണ് സഞ്ജുവിന് വഴിയൊരുങ്ങുന്നത്.
മറ്റൊരു കൗതുകകരമായ കാര്യം കൂടിയുണ്ട്. ആരാകും അഫ്ഗാനിസ്താനെതിരെ ഇന്ത്യയെ നയിക്കുക എന്നതാണത്. രോഹിത് ശർമ്മ ടി20 മതിയാക്കിയിട്ടില്ലെങ്കിലും താരം തിരിച്ചെത്താനാണ് സാധ്യത. സെലക്ടർമാർ അദ്ദേഹവുമായി സംസാരിച്ചാലെ ഇതുസംബന്ധിച്ച് വ്യക്തത വരൂ. രോഹിത് ഇല്ലായെങ്കിലും ആരാകും ഇന്ത്യയെ നയിക്കുക എന്നതാണ് വില പിടിപ്പുള്ള ചോദ്യം.
സാധാരണ രോഹിതിന്റെ അഭാവത്തിൽ ടീമിനെ നയിക്കുന്നവരൊക്കെ പരിക്കിന്റെ പിടിയിലോ വിശ്രമം ആവശ്യമുള്ളവരോ ആണ്. അങ്ങനെ വന്നാൽ സഞ്ജു ടീമിലുണ്ടാവുകയാണെങ്കിൽ അദ്ദേഹാകുമോ ഇന്ത്യയെ നയിക്കുക. ഏതായാലും കാത്തിരുന്ന് കാണാം.
നിലവില്‍ രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു സാംസണ്‍ ആണ് കേരളത്തെ നയിക്കുന്നത്. ഏകദിന, ടി20 ടീമുകള്‍ക്ക് ശേഷം ടെസ്റ്റിലേക്കും സഞ്ജുവിന് പ്രതീക്ഷ വെക്കണമെങ്കില്‍ രഞ്ജി ട്രോഫിയില്‍ മികവ് കാട്ടേണ്ടതുണ്ട്. എന്നാല്‍ ടി 20 ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ സഞ്ജു സാംസണിന് ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമാകും.