ബംഗ്ലാദേശ് തോൽപിച്ചവരല്ല: അടിമുടി മാറി ആസ്ട്രേലിയ, ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു
|ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിലേക്ക് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ് വെൽ, പാറ്റ് കമ്മിൻസ് തുടങ്ങിയ വമ്പന്‍ താരങ്ങളൊക്കെ തിരിച്ചെത്തി.
ടി20 ലോകകപ്പിനുള്ള പതിനഞ്ച് അംഗ ആസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബറിൽ ആരംഭിക്കുന്ന ടൂർണമെന്റിന് ടീം പ്രഖ്യാപിക്കുന്ന ആദ്യത്തെ ടീമാണ് ആസ്ട്രേലിയ. ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിലേക്ക് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ് വെൽ, പാറ്റ് കമ്മിൻസ് തുടങ്ങിയ വമ്പന്‍ താരങ്ങളൊക്കെ തിരിച്ചെത്തി. ഇക്കഴിഞ്ഞ ബംഗ്ലാദേശ്, വെസ്റ്റ്ഇൻഡീസ് പരമ്പരകൾ ഇവർക്ക് നഷ്ടമായിരുന്നു.
ചരിത്രത്തിലാദ്യമായി ആസ്ട്രേലിയക്കെതിരെ ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയിരുന്നു. പരിക്കിനെ തുടർന്നാണ് സ്മിത്തിനും ഫിഞ്ചിനും ബംഗ്ലാദേശിനെതിരായ പരമ്പരയിൽ കളിക്കാൻ കഴിയാതിരുന്നത്. അതേസമയം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോഷ് ഇംഗ്ലിസാണ് ടീമിലെ പുതുമുഖം. അടുത്തിടെ നടന്നൊരു ആഭ്യന്തര ടൂർണമെന്റിലെ ടോപ്സ്കോററായിരുന്നു ഇംഗ്ലിസ്.
ആദം സാമ്പ, ആഷ്ടൺ ആഗർ എന്നിവർക്ക് പുറമെ മിച്ചൽ സ്വെപ്സണേയും മൂന്നാം സ്പിന്നറായി ടീമിൽ ഉൾപ്പെടുത്തി. ഡാൻ ക്രിസ്റ്റ്യൻ, ഡാനിയേൽ സാം എന്നിവർക്ക് പുറമെ നഥാൻ എല്ലിസിനെയും റിസർവ് താരങ്ങമായി ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ അരങ്ങേറ്റ മത്സരരത്തിൽ തന്നെ ഇല്ലിസ് ഹാട്രിക്ക് നേടിയിരുന്നു. ഈ ടീമുമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പരക്കൊരുങ്ങുകയാണ് ആസ്ട്രേലിയ.
ടിം ഇങ്ങനെ: ആരോൺ ഫിഞ്ച്(നായകൻ)പാറ്റ് കമ്മിൻസ്(ഉപനായകൻ),ആഷ്ടൺ ആഗർ, ജോഷ് ഹേസിൽവുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, കെയിൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വേഡ്, ഡേവിഡ് വാർണർ, ആദം സാമ്പ, മിച്ചൽ സ്വെപ്സൺ